ആവളപ്പാണ്ടിയെ പുനരുജ്ജീവിപ്പിക്കണം; വിവിധ ആവശ്യങ്ങളുമായി കര്‍ഷകര്‍
പേരാമ്പ്ര: കോഴിക്കോട് ജില്ലയുടെ നെല്ലറ എന്നാണ് ആവളപാണ്ടി അറിയപ്പെടുന്നത്. രണ്ടായിരത്തിലധികം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തില്‍ കുറഞ്ഞ സ്ഥലത്ത് താഴെ മാത്രമാണ് ഇപ്പോള്‍ കൃഷിയിറക്കുന്നത്. പായല്‍, ചല്ലി ശല്യവും അമിത ജലവുമാണ് കൃഷിയില്‍ നിന്നും പിന്മാറാന് കര്‍ഷകരെ പേരിപ്പിച്ചത്.
കുട്ടാടന്കൃഷി മാത്രം നടത്തിയ ആവളപാണ്ടിയില്‍ 1967 മുതലാണ് പുഞ്ചകൃഷി തുടങ്ങുന്നത്. ഏക്കറില്‍ 3,500 കിലോഗ്രാം വിളവ് ലഭിച്ചിരുന്നു. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന ഉല്‍പ്പാദനമാണ്. കുറ്റ്യാടി ജലസേചനപദ്ധതി വന്നതോടെ ഉല്‍പ്പാദനവര്‍ധനവ് ലക്ഷ്യമാക്കിയ കര്‍ഷകര്‍ക്ക് വാല്യക്കോട് ഭാഗത്തെ കനാല്‍ ചോര്‍ച്ചമൂലമുള്ള അധികജലപ്രവാഹം ഇരുട്ടടിയായി. കനാല്‍ ചോര്‍ച്ചയില്‍ കുത്തിയൊലിക്കുന്ന വെള്ളത്തില്‍ വര്‍ഷംതോറും കൊയ്യാറായ പുഞ്ചകൃഷി നശിക്കുന്നത് കൃഷിക്കാരെ ദുരിതത്തിലാഴ്ത്തി. കനാല്‍ ചോര്‍ച്ച പരിഹരിക്കാത്തതിനാല്‍ രണ്ടായിരത്തിലധികം വരുന്ന കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്നും പിന്മാറി. കൃഷി ഇല്ലാതായതോടെ പാടശേഖരമാകെ ആഫ്രിക്കന്‍പായല്‍ മൂടി.
ഇതിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ നിന്ന് വേലി സമയത്ത് ഉപ്പ് വെള്ളം അമിതമായി പാടശേരത്ത് കയറി കൃഷി നശിക്കുന്നത് പതിവാണ്. വെളളക്കെട്ടുകാരണം കൊയ്ത്തു യന്ത്രം ഇറക്കാനും സാധിക്കില്ല. പാണ്ടിയില്‍ ഉപ്പുവെള്ളംകയറി കൃഷി നശിക്കുന്നതിന് പരിഹാരമായി ജില്ലാ പഞ്ചായത്ത് പതിനഞ്ച് വര്‍ഷം മുമ്പ് അഞ്ചരക്കോടിയുടെ പദ്ധതി തയ്യാറാക്കി പ്രവൃത്തി ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു.
കുറ്റിയോട് നടമുതല്‍ കുണ്ടൂര്‍ മൂഴി വരെ നാലര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തോട് നവികരിച്ച് തോടിന് ഇരുവശവും ഫാം റോഡും നിര്‍മ്മിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രം ഉള്‍പ്പടെ പാടത്ത് എത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. അമിത ജലത്തെ നിയന്ത്രിക്കാനും കര്‍ഷകര്‍ക്ക് ആവശ്യത്തിന് ഉപയോഗിക്കാനുമായി മഠത്തില്‍ താഴ, കള കോവുമ്മല്‍ താഴ, കൂറൂരക്കടവ്, പാറ ചലില്‍ താഴ, കാരയില്‍ നട, എന്നിവിടങ്ങളില്‍ വി.സി.ബി നിര്‍മ്മിക്കണമെന്നത് കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.
പേരാമ്പ്ര തരിശുരഹിത മണ്ഡലം പദ്ധതിയുടെ ആദ്യഘട്ടമായായി രണ്ട് പതിറ്റാണ്ടായി തരിശായി കിടന്ന ആവളപാണ്ടിയില്‍ 300 ഏക്കറില്‍ കൃഷിയിറക്കിയിരുന്നു. ആവളപാണ്ടിയില്‍ കൃഷിയിറക്കുന്നതിന് പേരാമ്പ്ര മണ്ഡലം വികസനമിഷന്, ചെറുവണ്ണൂര്‍ പഞ്ചായത്ത്, കൃഷിവകുപ്പ്, ആത്മ കോഴിക്കോട്, കേരള കാര്‍ഷിക സര്‍വകലാശാല തുടങ്ങി വിവിധ ഏജന്‍സികളാണ് ധനസഹായവും പിന്തുണയുമായി രംഗത്തുവന്നത്.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര വാല്യക്കോട് ഭാഗത്തു നിന്ന് വെള്ളം പാടശേഖരത്തില്‍ എത്തുന്നത് തടയുക, കുറ്റോട്ട് നടമുതല്‍ കുണ്ടൂര്മുഴി (കുറ്റ്യാടി പുഴ) വരെയുളള തോട് വൃത്തിയാക്കുകയും, വീതി കുറച്ച് കെട്ടുക, തോടിന്റെ രണ്ട് ഭാഗത്തും ഫാം റോഡ് നിര്‍മ്മിക്കുക, ആധുനിക സംവിധാനത്തോടെ വി.സി.ബി നിര്‍മ്മിച്ച് ഷട്ടര്‍ വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചാല്‍ നൂറ് മേനി വിളവ് നല്കുന്ന പാടശേഖരം തരിശായി കിടക്കില്ലെന്ന കാര്യമുറപ്പാണ്.