ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ: സര്‍വ്വകക്ഷി യോഗത്തിനെത്തിയ വാര്‍ഡ് മെമ്പര്‍ കസ്റ്റഡിയില്‍


ആലപ്പുഴ: ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വാര്‍ഡ് മെമ്പറായ എസ്.ഡി.പി.ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരണമായിട്ടില്ല.

അന്യായമായാണ് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത് എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആരോപിച്ചു. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം നടക്കുകയാണ്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ജില്ലയിലെ എം.എല്‍.എമാരും പ്രധാന പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മണ്ണഞ്ചേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ നിന്നുള്ളവര്‍, കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇവിടെ നിന്നുള്ള രണ്ടുപേരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനുശേഷമാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ ബൈക്കുകളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.