ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന; പയ്യോളി നഗരസഭ ബജറ്റ് അവതരിപ്പിച്ചു


പയ്യോളി: ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി വിപുലമായ പ്രവർത്തന പദ്ധതികളുമായി പയ്യോളി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമയാണ് ബജറ്റ് അവതരിപ്പിച്ചത്. നഗരസഭ ചെയർമാൻ ഷെഫീഖ് അധ്യക്ഷത വഹിച്ചു.

ശുചിത്വപൂർണവും മാലിന്യരഹിതവുമായ നഗരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആരോഗ്യ സംരക്ഷണത്തിനും പ്രധാന്യമുണ്ട്. ഒരുകോടി ആറരലക്ഷം രൂപയാണ് ഈ രണ്ട് വിഭാഗത്തിനുമായി വകയിരുത്തിയത്.

ഹരിതസേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തിയും എം.സി.എഫ് കേന്ദ്രങ്ങൾ സ്ഥാപിച്ചും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിച്ചും ശുചിത്വം ഉറപ്പ് വരുത്തും. ആയുർവേദാശുപത്രി, ഹോമിയോ ആശുപത്രി, കോട്ടക്കൽ എഫ്.എച്ച്.സി. എന്നിവിടങ്ങളിൽ മരുന്നുവാങ്ങാനും മറ്റുമാണ് ആരോഗ്യരംഗത്തെ പ്രഥമപരിഗണന. ഇതിനായിമാത്രം 45 ലക്ഷംരൂപ നീക്കിവെച്ചു.കൂടാതെ സേവന, പശ്ചാത്തല, ഉത്‌പാദനമേഖലയ്ക്കും പ്രാമുഖ്യംനൽകി.

നിർമാണത്തിലിരിക്കുന്ന വീടുകളുടെ പൂർത്തീകരണത്തിനും പുതുതായി വീട് അനുവദിക്കുന്നതിനുമായി ഒരുകോടി 20 ലക്ഷം. പട്ടികജാതി വികസനം കോളനികളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനും മറ്റുമായി 97 ലക്ഷം.

പശ്ചാത്തല മേഖല രണ്ടുകോടി, മത്സ്യത്തൊഴിലാളി വിഭാഗം 16 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് 50 ലക്ഷം, കുടിവെള്ളം 10 ലക്ഷം, ദുരന്തനിവാരണം നാലുലക്ഷം, കൃഷി, മൃഗസംരക്ഷണം 45 ലക്ഷം, വനിതാ വികസനം 55 ലക്ഷം, വൃദ്ധർ, ഭിന്നശേഷിക്കാർ, കുട്ടികൾ, ആശ്രയകുടുംബങ്ങൾ എന്നിവരുടെ ക്ഷേമം 50 ലക്ഷം, വിദ്യാഭ്യാസം-കലാകായിക-സാംസ്‌കാരിക-യുവജനക്ഷേമം എന്നിവയ്ക്ക് 60 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.