ആരും കാണാതെ യുവാവ് സൈഫണിന്റെ സ്ലാബ് തകര്‍ന്ന് കുഴിയില്‍ കിടന്നത് ഒരു മണിക്കൂര്‍; വടകരയില്‍ കനാലിന്റെ സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണ് യുവാവിന് പരിക്ക്


വടകര: വടകര കുട്ടോത്ത് നായനാര്‍ ഭവന് സമീപം കനാല്‍ സൈഫണിന്റെ സ്ലാബ് താഴ്ന്ന് യുവാവ് കുഴിയില്‍ വീണു. വടകര ലൈഖ ജുവലറി ജീവനക്കാരന്‍ കാര്‍ത്തികപ്പള്ളി തെക്കയില്‍ രവിനേഷാണ് സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണത്. ജുവലറി കളക്ഷന് വേണ്ടി കുട്ടോത്ത് നായനാര്‍ ഭവനുസമീപം കനാലിനരികിലെ വഴിയിലൂടെ നടന്ന് പോകവെ എട്ടടിയോളെ താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു.

ആരും കാണാതെ ഒരു മണിക്കൂറോളം യുവാവ് ഇതിനുള്ളില്‍ കിടന്നു. ഒടുവില്‍ യുവാവ് ജൂവലറിയുടെ കളക്ഷനായി പോയ സമീപത്തെ വീട്ടിലെ സ്ത്രീയെ ഫോണില്‍വിളിച്ച് വിവരം പറഞ്ഞാണ് ആളെക്കൂട്ടിയത്. ഒടുവില്‍ നാട്ടുകാരെത്തി ഏണിവെച്ചാണ് രവിനേഷിനെ കരയ്ക്ക് കയറ്റിയത്. ഇയാളെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
40 വര്‍ഷത്തോളം പഴക്കം സ്ലാബിനുണ്ട്.

തുറന്നുകിടക്കുന്ന സൈഫണിന്റെ ഭാഗത്തേക്കുള്ള വഴി നാട്ടുകാർ തടസ്സപ്പെടുത്തിയിട്ടുണ്ട്. കുറ്റ്യാടി ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സൈഫണിന്റെ മുകൾഭാഗം സ്ലാബിട്ട് മൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി വാർഡ് മെമ്പറും വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അറിയിച്ചു.