ആരാധകര്‍ ആഗ്രഹിച്ച ടീമായി കേരള ബ്ലാസ്‌റ്റേഴ്‌സ്; ചെന്നെയിന്‍ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു


മഡ്ഗാവ്: ഒടുവില്‍ ആരാധകര്‍ ആഗ്രഹിച്ച ടീമായി മാറി കേരള ബ്ലാസ്റ്റേഴ്‌സ്. അയല്‍ക്കാരും ഐ.എസ്.എല്ലിലെ കരുത്തരുമായ ചെന്നെയിന്‍ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്.

ബ്ലാസ്റ്റേഴ്സിനുവേണ്ടി ഡയസ് പെരേര, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ലക്ഷ്യം കണ്ടു. പുതിയ സീസണില്‍ അപരാജിത കുതിപ്പ് തുടരുന്ന ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിന്നു. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ശേഷം തുടര്‍ച്ചയായി ആറുമത്സരങ്ങള്‍ തോല്‍വി അറിയാതെ പൂര്‍ത്തിയാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവര്‍ന്നു. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ തകര്‍ത്ത അതേ ടീമിനെ തന്നെ ഇറക്കിയാണ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ചെന്നൈയിനെതിരേയും വിജയം നേടിയത്. ഈ തോല്‍വിയോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു.

മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആദ്യ എട്ടുമിനിട്ടില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനും ചെന്നൈയിനും സാധിച്ചില്ല. പക്ഷേ കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റി ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ ഞെട്ടിച്ചു. ഡയസ് പെരേരയാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി വലകുലുക്കിയത്.

ഒന്‍പതാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്ത് സ്വീകരിച്ച ലാല്‍ത്താത്താങ ഖൗള്‍ഹ്രിങ് ചെന്നൈയിന്‍ പ്രതിരോധതാരങ്ങള്‍ക്ക് മുകളിലൂടെ പെരേരയെ ലക്ഷ്യമായി മനോഹരമായ പാസ് നല്‍കി. പാസ് സ്വീകരിച്ച് മുന്നേറിയ പെരേര ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന് ഒരു സാധ്യതയും കല്‍പ്പിക്കാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്ത് അടിച്ചുകയറ്റി ബ്ലാസ്റ്റേഴ്സിന് നിര്‍ണായക ലീഡ് സമ്മാനിച്ചു. തകര്‍പ്പന്‍ ഫിനിഷിലൂടെയാണ് താരം ഗോളടിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പെരേര ഗോളടിച്ചത് ടീമിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ നല്‍കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


തൊട്ടുപിന്നാലെ 12-ാം മിനിട്ടില്‍ ചെന്നൈയിന്റെ മിര്‍ലാന്‍ മുര്‍സേവ് ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിലിടിച്ച് തെറിച്ചു. റഫറി അത് ഓഫ് സൈഡ് വിളിക്കുകയും ചെയ്തു. 25-ാം മിനിട്ടില്‍ ജെസ്സെല്‍ കാര്‍നെയ്റോയുടെ ബോക്സില്‍ നിന്നുള്ള ക്ലിയറന്‍സ് സ്ഥാനം തെറ്റി നേരെ ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് വന്നു. സെല്‍ഫ് ഗോളാകുമെന്ന് തോന്നിച്ചെങ്കിലും അസാമാന്യമായ സേവിലൂടെ ഗോള്‍കീപ്പര്‍ ഗില്‍ അത് രക്ഷിച്ചു.

28-ാം മിനിട്ടില്‍ പെരേരയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ചെന്നൈയിന്‍ ഗോള്‍പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി. തൊട്ടടുത്ത മിനിട്ടില്‍ അഡ്രിയാന്‍ ലൂണയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളായി മാറിയില്ല.

30-ാം മിനിട്ടില്‍ ചെന്നൈയിന്റെ ജര്‍മന്‍ പ്രീത് സിങ്ങിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് അവിശ്വസനീയമായി പുറത്തേക്ക് പോയി. ഗോളവസരം സൃഷ്ടിച്ച മുര്‍സേവിന് അമ്പരപ്പോടെ മാത്രമേ ഇത് നോക്കി നില്‍ക്കാനായുള്ളൂ.

പിന്നാലെ 38-ാം മിനിട്ടില്‍ ചെന്നൈയിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡുയര്‍ത്തി. മലയാളി താരം അബ്ദുള്‍ സഹല്‍ സമദാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി വലകുലുക്കിയത്. വാസ്‌ക്വസിന്റെ പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് മുന്നേറിയ സഹലിന്റെ ഗോള്‍പോസ്റ്റിലേക്കുള്ള ആദ്യ ശ്രമം ചെന്നൈയിന്‍ പ്രതിരോധതാരം റീഗന്‍ സിങ് വിഫലമാക്കി. എന്നാല്‍ റീഗന്റെ ക്ലിയറന്‍സ് തിരിച്ച് സഹലിന്റെ കാലിലേക്ക് തന്നെയാണ് വന്നത്. കിട്ടിയ അവസരം നന്നായി വിനിയോഗിച്ച സഹല്‍ പന്ത് അനായാസം വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളടിക്കാന്‍ സഹലിന് സാധിച്ചു. ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബ്ലാസ്റ്റേഴ്സിന്റെ വാസ്‌ക്വസിന് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് രക്ഷപ്പെടുത്തി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങള്‍ ചെന്നൈയിന്‍ കൊണ്ടുവന്നു. ചങ്തെയ്ക്ക് പകരം സലം സിങ്ങിനെയും വ്ലാഡിമിര്‍ കോമാന് പകരം ലൂക്കാസ് ഗിക്കിയേവിച്ചിനെയും ഇറക്കി ചെന്നൈയിന്‍ ആക്രമണത്തിന് ശക്തികൂട്ടി.

50-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സ് നായകന്‍ ജെസ്സെല്‍ കാര്‍നെയ്റോയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ചെന്നൈയിന്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 70-ാം മിനിട്ടില്‍ ചെന്നൈയിന്റെ പ്രതിരോധതാരം ഡാംയാനോവിച്ചിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

79-ാം മിനിട്ടില്‍ ചെന്നൈയിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളടിച്ചു. പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണയാണ് ഇത്തവണ മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. ബോക്സിനകത്തേക്ക് പന്തുമായി മുന്നേറിയ ലൂണ വാസ്‌ക്വസിന് പാസ് നല്‍കി. എന്നാല്‍ വാസ്‌ക്വസിലേക്കെത്തും മുന്‍പ് ചെന്നൈ പ്രതിരോധമതിലില്‍ തട്ടി പന്ത് തിരിച്ച് ലൂണയിലേക്ക് തന്നെയെത്തി. കിട്ടിയ അവസരം മുതലെടുത്ത ലൂണയുടെ തീയുണ്ട പോലെയുള്ള ഷോട്ട് ഗോള്‍വല തുളച്ചു. ലൂണയുടെ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ വിശാലിന് സാധിച്ചുള്ളൂ. ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു.

പിന്നീട് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചെന്നൈയിന്‍ ശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധം അതെല്ലാം വിഫലമാക്കി. വൈകാതെ മഞ്ഞപ്പട സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.