ആനപ്പാറ ക്വാറിയില്‍ ഖനനം പുനരാരംഭിക്കാനുള്ള നീക്കം നാട്ടുകാർ ചെറുത്തു
കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്തിലെ ആനപ്പാറ ക്വാറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നീക്കത്തിനെതിരെ പ്രദേശവാസികളുടെ ചെറുത്ത് നില്‍പ്പ് സംഘര്‍ഷത്തിനിടയാക്കി. കല്ല് പൊട്ടിക്കാന്‍ സ്‌ഫോടനം നടത്തുമ്പോള്‍ പരിസരത്തെ വീടുകളില്‍ കല്ല് പതിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് രണ്ട് മാസമായി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച പോലീസ് സഹായത്തോടെ ക്വാറി തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉടമകള്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഇതിനെ ചെറുത്തു. പോലീസ് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധം ശക്തമായി. നാട്ടുകാരില്‍ ചിലരെ കസ്റ്റഡിയിലെടുക്കാനുളള പോലീസ് ശ്രമവും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്വാറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഉടമകള്‍ ശ്രമിച്ചത്. കോടതി ഉത്തരവ് നടപ്പിലാക്കാനാണ് പോലീസ് സഹായം ഉടമകള്‍ തേടിയത്. കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തില്‍ മുപ്പതോളം പോലീസുകാര്‍ സ്ഥലത്ത് എത്തിയിരുന്നു. ഇരുന്നൂറോളം നാട്ടുകാരും പ്രതിഷേധത്തിന് എത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ പോലീസ് തിരിച്ചു പോയി.
കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷം കുറഞ്ഞത്. പഞ്ചായത്ത് മെമ്പര്‍മാരായ ജലജ, സവിത നിരത്തിന്റെ മീത്തല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. പരിസരവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും വരെ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ പ്രതിഷേധത്തിന്റെ വീഡിയോ കാണാം