ആനക്കുളത്ത് കാനത്തിൽ ജമീലയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു


കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ പ്രചാരണത്തിനായി ആനക്കുളത്ത് സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ബോർഡുകൾ നശിപ്പിക്കപ്പെട്ടത്.

ആനക്കുളം ടൗണിൽ പിഷാരികാവ് കവാടത്തിനരികിൽ സിപിഎം ലോക്കൽ കമ്മറ്റി സ്ഥാപിച്ച ബോർഡും, ജനാധിപത്യ മഹിള അസോസിയേഷൻ സ്ഥാപിച്ച ബോർഡുമാണ് നശിപ്പിക്കപ്പെട്ടത്. പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ് പറഞ്ഞു.

അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ആനക്കുളത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.