ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം മാറ്റണോ? ഇനി ഈ രേഖകള്‍ കരുതണം; നോക്കാം വിശദമായി


ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം മാറ്റാന്‍ ഇനി അത്ര എളുപ്പമല്ല.അതിന് മതിയായ രേഖകള്‍ സമര്‍പ്പിക്കണം. നിലവില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ്‌ ആധാര്‍ കാര്‍ഡ്‌. ഈ ആനുകൂല്യങ്ങള്‍ തടസമില്ലാതെ കിട്ടാൻ ആധാര്‍ കാര്‍ഡ്‌ ഉടമകള്‍ മേല്‍വിലാസം ഉള്‍പ്പടെയുള്ള വിശദാംശങ്ങളില്‍ മാറ്റം ഉണ്ടെങ്കില്‍ അത്‌ പുതുക്കണം.

നടപടികളില്‍ മാറ്റം

യുഐഡിഎഐ(യുണീക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ) യുടെ വെബ്‌സൈറ്റില്‍ നിന്നും ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഏതൊരാള്‍ക്കും എളുപ്പം മാറ്റാനാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധാര്‍കാഡിലെ മേല്‍വിലാസം മാറ്റുന്നതിനുള്ള നടപടികളില്‍ യുഐഡിഎഐ മാറ്റം വരുത്തി.

രേഖകൾ വേണം

ആധാര്‍കാര്‍ഡ്‌ ഉടമകള്‍ മേല്‍വിലാസത്തില്‍ മാറ്റം വരുത്തുന്നതിന്‌ ഇനിമുതല്‍ അതോറിറ്റിക്ക്‌ സ്വീകാര്യമായ രേഖകളില്‍ ഏതെങ്കിലും ഒന്ന്‌ കൂടി സമര്‍പ്പിക്കേണ്ടതുണ്ടെന്ന്‌ യുഐഡിഎഐ അറിയിച്ചു. പാസ്‌പോര്‍ട്ട്‌, പാസ്‌ബുക്ക്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌, തിരിച്ചറിയല്‍ കാര്‍ഡ്‌ തുടങ്ങി 32 ഓളം രേഖകള്‍ ഉപയോക്താക്കള്‍ക്ക്‌ ഇതിനായി തിരഞ്ഞെടുക്കാം.

മുമ്പ്‌, ആധാര്‍കാര്‍ഡ്‌ ഉടമകളുടെ സൗകര്യാര്‍ത്ഥം തെളിവിനായുള്ള രേഖകള്‍ ഒന്നും സമര്‍പ്പിക്കാതെ തന്നെ ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങളില്‍ മാറ്റം വരുത്താന്‍ യുഐഡിഎഐ അനുവദിച്ചിരുന്നു. എന്നാല്‍, ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ ഈ രീതി പറ്റില്ലെന്ന് ട്വിറ്ററിലൂടെയാണ്‌ വ്യക്തമാക്കിയത്‌ . ഉപയോക്താക്കള്‍ക്ക്‌ ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഓഫ്‌ലൈനായും ഓണ്‍ലൈനായും പുതുക്കാം.