ആദ്യം മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു; ആശ്വാസമായി 30 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസിനെതിരായ ജാഗ്രത തുടരുന്നു. ആദ്യം മരിച്ചയാള്‍ക്കും നിപ വൈറസ് ഉണ്ടെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്കായി തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. സ്രവപരിശോധനയിലാണ് നിപ വൈറസ് പോസിറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.
ഇയാളില്‍ നിന്നാണ് രണ്ടാമത് മരിച്ചയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത് എന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം 30 ആരോഗ്യപ്രവര്‍ത്തകരുടെ നിപ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് ഒരു അപൂർവ നേട്ടമാണ്. ഓഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് മരണശേഷം ഇഖ്റ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഇത്തരത്തിൽ സ്വകാര്യ ആശുപത്രിയിൽ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിൻ്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണ്.
നിപ സ്ഥിരീകരിച്ചതിനെ ശേഷം കോഴിക്കോട് ജില്ലക്ക് പുറമെയുള്ള ജില്ലകളിലായി ആകെ 29 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 22, കണ്ണൂരിൽ മൂന്ന്, വയനാട് ജില്ലയിൽ ഒന്ന്, തൃശൂരിൽ മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ. ഇത്തരത്തിൽ സമ്പർക്ക പട്ടികയിൽ കണ്ടെത്തിയവരെ ഐസൊലേഷനിൽ താമസിപ്പിക്കുകയും ഇവരുടെ സാംപിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ രോഗികൾ ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ നിർബന്ധമായും മെഡിക്കൽ ബോർഡുകൾ രൂപീകരിക്കണമെന്നും ഇവർ ദിവസത്തിൽ രണ്ടു തവണ യോഗം ചേർന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജില്ലയിൽ നിപയുടെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടപ്പെടാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ജില്ലയിലെ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേരുകയും ജില്ലയിൽ അടുത്ത ഞായറാഴ്ചവരെ ക്ലാസുകൾ ഓൺലൈനായി തുടരാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു.
മന്ത്രിമാർക്ക് പുറമെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി.മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആക്ടീവ് നിപ രോഗികളുടെ എണ്ണം നാലായി ഉയര്‍ന്നു. ആദ്യരോഗിയുമായി ആശുപത്രിയില്‍ വച്ച് സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. 39 വയസുകാരനായ ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
കൂടുതല്‍ സാമ്പിളുകള്‍ കോഴിക്കോട്ട് സജ്ജമാക്കിയ മൊബൈല്‍ ലാബില്‍ പരിശോധിച്ച് വരികയാണ്. അതേസമയം, മലപ്പുറത്തെ നിപ ആശങ്ക തല്‍ക്കാലം ഒഴിഞ്ഞു. മഞ്ചേരിയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്.