ആദ്യം ബസ് കള്ളന്‍, ഇപ്പോള്‍ ബാറ്ററി മോഷണം; വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച് യുവതിയ്ക്കൊപ്പം വില്‍പ്പന നടത്തുന്ന ചക്കിട്ടപാറ സ്വദേശി അറസ്റ്റില്‍


എടക്കര: രാത്രിയില്‍ ജെസിബികളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍. ചക്കിട്ടപാറ ചെമ്പനോട സ്വദ്ദേശി ചിറക്കൊല്ലിമീത്തല്‍ വീട്ടില്‍ വിനൂപ് എന്ന വിനു (31) ആണ് പിടിയില്‍ ആയത്. മുമ്പ് കുറ്റ്യാടിയില്‍ നിന്ന് ബസ് മോഷ്ടിച്ച കേസിലെ പ്രതിയാണ് വിനൂപ്

ഈ മാസം 16ന് രാത്രി എടക്കര കാറ്റാടിയില്‍ എം സാന്റ് യൂണിറ്റില്‍ നിര്‍ത്തിയിട്ട ജെസിബിയില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ വഴിക്കടവ് മുണ്ടയിലെ ഷെഡില്‍ നിര്‍ത്തിയ ജെസിബിയില്‍ നിന്നും ബാറ്ററികള്‍ മോഷണം പോയിരുന്നു. കൂടാതെ മുണ്ടയില്‍ റോഡരികത്തു നിര്‍ത്തിയിട്ട ലോറിയുടെ ഭാഗങ്ങളും അടുത്തിടെ മോഷണം പോയിരുന്നു,

ഈ കാര്യത്തിന് വാഹന ഉടമകള്‍ വഴിക്കടവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണ സംഘം സി സി ടി വികള്‍ കേന്ദ്രീകരിച്ചും ആക്രികടകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്വന്തമായി ദിവസ വാടകക്കെടുത്ത ഓട്ടോയില്‍ സംശയം തോന്നാതിരിക്കാന്‍ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താണ് പ്രതി നിലമ്പൂരിലെ ആക്രിക്കടകളില്‍ ബാറ്ററികള്‍ വില്‍പ്പന നടത്താനെത്തിയിരുന്നത്. ഇരുപതിനായിരം രൂപ വരെ വിലയുള്ള ബാറ്ററികള്‍ വെറും അയ്യായിരത്തിനു താഴെ വിലക്കാണ് വിറ്റിരുന്നത്.

ഓട്ടോയില്‍ യാത്ര ചെയ്യുന്ന യാത്രക്കാരിയുടെ വീട്ടിലെ ഇന്‍വെര്‍ട്ടറിലെ ബാറ്ററിയാണ്, ഇടിമിന്നലില്‍ ഇന്‍വെര്‍ട്ടര്‍ തകരാറായതാണ് വില്‍പന നടത്താന്‍ കാരണം എന്ന് പറഞ്ഞാണ് വില്‍പ്പന നടത്തിയിരുന്നത്. വഴിക്കടവ് പാലാട് നിന്നും മഫ്തി വേഷത്തിലെത്തിയ പൊലീസ് ഓട്ടോ ട്രിപ്പിനാണെന്നു പറഞ്ഞ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം പാറശാലയില്‍ ടാങ്കറില്‍ സ്പിരിറ്റ് കടത്തിയ കേസിലും കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തു കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കോട്ടയത്തേക്കു കടത്തും വഴി കുമരകത്തു പോലീസ് പിടിയിലായ കേസിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ യുവതിയുമായുള്ള ആദ്യ വിവാഹം മറച്ച് വെച്ചാണ് അടുത്തിടെ വഴിക്കടവ് സ്വദേശിനിയെ കോഴിക്കോട് വെച്ച് പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ച് വഴിക്കടവിലെത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നേരത്തെ, കുറ്റ്യാടിയില്‍ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് ജില്ലകള്‍ താണ്ടി കോട്ടയം വരെ എത്തിയത് കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടങ്ങിയ മെയിലായിരുന്നു ഈ സംഭവം. കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസാണ് യുവാവ് മോഷ്ടിച്ചത്. സ്റ്റാന്‍ഡ് വിജനമായത് കൊണ്ട് തന്നെ ബസ് മോഷണം പോയ വിവരം ആരും അറിഞ്ഞുമില്ല.

നേരം പുലരുമ്പോഴേക്കും കുറ്റ്യാടിയില്‍ നിന്ന് 250ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ച് നാല് ജില്ലകളും കടന്ന് കോട്ടയം കുമരകം വരെ വിനു എത്തി. പക്ഷേ, രാവിലെ കുമരകം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയായ കവനാട്ടിന്‍കരയിലെ പൊലീസ് ചെക്ക് പോയിന്റിലെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. ലോക്ക്ഡൗണ്‍ ദിവസം മതിയായ അനുമതിയും രേഖകളും ഒന്നും ഇല്ലാതെ നിരത്തില്‍ കണ്ട സ്വകാര്യ ബസ്സില്‍ സംശയം തോന്നിയത്തോടെയാണ് വാഹനം ഓടിച്ച വിനുവിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി ബസ് മോഷ്ടിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു.

 


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.