“ആണിന്റെ വസ്ത്രം പെണ്ണിടുന്നതാണ് ലിംഗസമത്വമെന്ന് വിശ്വസിക്കുന്നവരോട് സഹതാപം”; ബാലുശ്ശേരിയിലെ മാറ്റത്തിനെതിരെ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസ്


കൊയിലാണ്ടി: ലിംഗസമത്വം എന്നത് ആണിന്റെ വസ്ത്രം പെണ്ണിടുന്നതല്ലെന്നും അങ്ങനെ വിശ്വസിക്കുന്നവരോട് സഹതാപമാണ് തോന്നുന്നതെന്നും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറില്‍ ബോസ് സി.ടി. വസ്ത്രധാരണത്തിലെ ലിംഗവിവേചനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്ന ആശയം പല സ്‌കുളുകളും സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സമീപനവുമായി കെ.എസ്.യു നേതാവ് രംഗത്തെത്തിയത്.

വസ്ത്രത്തിലല്ല ലിംഗസമത്വമുള്ളതെന്നും വിദ്യാര്‍ത്ഥികളെ ഒരേ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്് ഒരുതരം അടിച്ചേല്‍പ്പിക്കല്‍ മാത്രമാണെന്നും ജെറില്‍ ബോസ് പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ ഭാഗമായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ ക്ലാസിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലത്തെ യുണിഫോമാക്കിയിരുന്നു. പാന്റും ഷര്‍ട്ടും പുരുഷന്മാരുടെ മാത്രം വസ്ത്രമാണെന്ന തെറ്റായ പൊതുധാരണയെ നിശബ്ദമായി പൊളിച്ചെഴുതിയിരിക്കുകയാണ് ബാലുശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍. എല്ലാവരും സ്‌കൂളിന്റെ തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരായ സമീപനമാണ് കെ.എസ്.യു നേതാവ് സ്വീകരിച്ചിരിക്കുന്നത്.

ജെറില്‍ ബോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ലിംഗസമത്വം ആണിന്റെ വസ്ത്രം പെണ്ണിടുന്നതാണ് എന്ന് വിശ്വസിക്കുന്നവരോട് സഹതാപം
അത് ഒരുതരം അടിച്ചേല്‍പ്പിക്കല്‍ മാത്രമാണ്
വികലമായ കാഴ്ചപ്പാട് ആയെ ഈ തീരുമാനത്തെ കാണാന്‍ സാധിക്കൂ…