ആടുതോമയെത്തുന്നു, സ്ഫടികം 4കെ പതിപ്പ് തീയറ്ററുകളിലേക്ക്


മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ പതിപ്പ് തീയറ്ററുകളിലേക്ക്. 4കെ പതിപ്പിന്റെ ടീസര്‍ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവിടുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രണ്ട് കോടിയിലേറെ രൂപ മുടക്കിയാണ് സ്ഫടികം 4കെ രൂപത്തിലാക്കി തീയറ്ററില്‍ എത്തിക്കുന്നത്. 26 വര്‍ഷം മുമ്പ് 1995ലാണ് സ്ഫടികം റിലീസായത്.

ജിയോമാട്രിക്‌സ് ഫിലിംസ് ഹൗസ് ആണ് ചിത്രം 4കെ ഡിജിറ്റല്‍ രൂപത്തില്‍ തീയറ്ററിലെത്തിക്കാനൊരുങ്ങുന്നതെന്ന് ഭദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഡിജിറ്റല്‍ 4കെ ടീസര്‍ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും എന്നും ഭദ്രന്‍ കുറിച്ചു. മോഹന്‍ലാലുമായുള്ള വാട്‌സപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഭദ്രന്റെ പോസ്റ്റ്.

സംവിധായകന്‍ ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ് എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ഭദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. മിനി സ്‌ക്രീനില്‍ മാത്രം കണ്ട സ്ഫടികം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്ന ആവേശത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കാത്തിരിക്കാം.