ആക്രമിച്ചത് ‘നാലുപേരെയും കൊലപ്പെടുത്തി വന്നാലേ ഭാര്യ സ്വീകരിക്കൂ’ എന്നാക്രോശിച്ചുകൊണ്ട് ; ആറുവയസുകാരനെ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊലയെന്ന് പൊലീസ്


ഇടുക്കി: ആനച്ചാലില്‍ ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടക്കൊലയായിരുന്നെന്ന് പൊലീസ്. കൊലപ്പെടുത്തി വന്നാലേ ഭാര്യ സ്വീകരിക്കൂവെന്ന് ആക്രോശിച്ചായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു.

കുടുംബത്തിലെ നാലുപേരെയും കൊല ചെയ്യണമെന്ന് ഉദ്ദേശിച്ചാണ് പ്രതി മുഹമ്മദ് ഷാനി ആക്രമണം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്നും കണ്ടെത്തി. കൊല്ലപ്പെട്ട ആറുവയസുകാരന്റെ അമ്മ സഫിയ, സഫിയയുടെ അമ്മ സൈനബ, സഫിയയുടെ മൂത്തമകള്‍ എന്നിവരെക്കൂടി കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

ഒരുവര്‍ഷമായി മുഹമ്മദ് ഷാനും ഭാര്യയും വേര്‍പിരിഞ്ഞായിരുന്നു താമസം. അതിര്‍ത്തി തര്‍ക്കവും കുടുംബപ്രശ്‌നവും കാരണമായിരുന്നു ഇത്. ഇതിന് കാരണം സഫിയയും സൈനയുമായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.

സഫിയയും മകന്‍ അല്‍ത്താഫും താമസിച്ചിരുന്ന വീട്ടിലേക്ക് മുഹമ്മദ് ഷാനി അതിക്രമിച്ചു കയറുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു സംഭവം. ആദ്യം ഉറങ്ങിക്കിടക്കുന്നതിനിടെ അല്‍ത്താഫിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇത് തടയാന്‍ ശ്രമിക്കവേ സഫിയയെയും ചുറ്റികകൊണ്ട് അടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റുരണ്ടുപേരെയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.