അസ്ഹറുദ്ദീന് അഭിനന്ദനവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണ്ണമെൻറിൽ മുംബൈക്കെതിരെ സെഞ്ച്വറി നേടിയ കേരളതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെഞ്ച്വറി നേടിക്കൊണ്ട് കേരളത്തിന് തിളക്കമാർന്ന വിജയം സമ്മാനിച്ച അസ്ഹറുദ്ദീനും കേരള ക്രിക്കറ്റ് ടീമിനും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്.

ഇന്നലെ കരുത്തരായ മുംബൈക്കെതിരെ മിന്നുന്ന വിജയമാണ് കേരളം നേടിയത്. മുംബൈയുടെ 196 എന്ന വലിയ ടോട്ടൽ മറികടക്കാൻ കേരളത്തിന് 95 പന്തുകളെ വേണ്ടി വന്നുള്ളൂ. കേരളത്തിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീൻ 37 പന്തിൽ നിന്നാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെൻറിൽ ഒരു കേരള ബാറ്റ്സ്മാൻ സെഞ്ച്വറി നേടുന്നത് ഇതാദ്യമായാണ്‌ ടൂർണമെൻറിലെതന്നെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്. നേരത്തെ രോഹിത് ശർമ്മ 35 പന്തിലും, യൂസഫ് പഠാൻ 37 പന്തിലും സെഞ്ച്വറി തികച്ചിട്ടുണ്ട്. 54 പന്തിൽ നിന്ന് 137 റൺസ് എടുത്ത അസ്ഹറുദ്ദീൻ മത്സരത്തിൽ പുറത്താകതെ നിന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ കൊടുക്കുന്നു.

“സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.”