‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം’; ഇന്ന് ലോക എയ്ഡ്‌സ് ദിനം; എയ്ഡ്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം


ന്ന് ലോക എയ്ഡ്‌സ് ദിനം. ലോകം ഭീതിയോടെ മാത്രം നോക്കിക്കണ്ടിരുന്ന അസുഖമാണ് എയ്ഡ്‌സ്. പലപ്പോഴും ഒറ്റപ്പെടുത്തലും വിവേചനവും അനുഭവിക്കേണ്ടി വന്നവരാണ് എയ്ഡ്‌സ് രോഗികള്‍. എന്നാല്‍ ഇന്ന് എയ്ഡ്‌സിനോടുള്ള ലോകത്തിന്റെ മനോഭാവം മാറി.

‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സ് അവസാനിപ്പിക്കാം, മഹാമാരികള്‍ അവസാനിപ്പിക്കാം’ എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. 2030 ഓടെ എയ്ഡ്‌സ് അവസാനിപ്പിക്കുക എന്ന തീരുമാനം നടപ്പാക്കുന്നതിനായി ഈ വര്‍ഷം ലോകരാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്.

എയ്ഡ്‌സ്

1982 ജൂണില്‍ കാലിഫോര്‍ണിയയിലെ ചില യുവാക്കള്‍ തൂക്കം കുറയുകയും പേശീ വേദന അനുഭവപ്പെടുകയും ചെയ്യുന്ന വിചിത്ര അസുഖവുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.

ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ തുടരന്വേഷണത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇതേ രോഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കോംഗോയില്‍ ഈ രോഗം വന്ന് മരിച്ച വ്യക്തിയുടെ രക്തം പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.

അതായിരുന്നു ലോകത്തെ ഭയപ്പെടുത്താന്‍ തക്ക ശേഷിയുള്ള ഒരു മാരക രോഗത്തിന്റെ പിറവി. അതേ വര്‍ഷം സെപ്റ്റംബറില്‍ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) ഈ രോഗത്തിന് പേര് നല്‍കി. അക്വയേഡ് ഇമ്യുണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം അഥവാ എയ്ഡ്‌സ് (AIDS).

ഹ്യൂമന്‍ ഇമ്യുണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്.ഐ.വി) എന്ന രോഗാണുവാണ് എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ പ്രതിരോധശേഷി പതുക്കെ പതുക്കെ കുറയുന്നതാണ് ഈ രോഗാവസ്ഥ.

പകരുന്നത് എങ്ങനെ?

രക്തം, മുലപ്പാല്‍, ശുക്ലം, യോനീസ്രവങ്ങള്‍ എന്നിവയിലൂടെയാണ് പ്രധാനമായി എയ്ഡ്‌സ് പകരുന്നത്. ഗര്‍ഭകാലത്തും പ്രസവസമയത്തും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും വൈറസ് പകരാം.

പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് എച്ച്‌ഐവി പകരുന്നത്. ഇതുകൂടാതെ, മരുന്നും രക്തവും കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് ഒന്നിലേറെ തവണ ഉപയോഗിക്കുന്നതുവഴിയും രോഗം പടരും. രോഗബാധയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിലേക്കും രോഗം വ്യാപിക്കും.

ഗര്‍ഭകാലത്തോ, ജനിക്കുമ്പോഴോ മുലയൂട്ടുമ്പോഴോ ആയിരിക്കും അമ്മയിലെ രോഗാണു കുഞ്ഞിന്റെ ശരീരത്തിലേക്ക് വ്യാപിക്കുന്നത്. രക്തദാനം, അവയവദാനം എന്നിവയിലൂടെയും രോഗം പടരാം. രക്തം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വഴിയും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


സ്പര്‍ശനത്തിലൂടെയും ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ രോഗം പകരില്ല. ഉമിനീര്, വിയര്‍പ്പ്, കണ്ണുനീര് എന്നിവയിലൂടെയും രോഗം പകരില്ല.

ഒരാളില്‍ എച്ച്‌ഐവി വൈറസ് പിടിപെട്ട ഉടന്‍ പരിശോധനയിലൂടെ കണ്ടെത്താനായാല്‍ ചികില്‍സ എളുപ്പമാണ്. രക്തപരിശോധനയിലൂടെയാണ് എച്ച്‌ഐവി കണ്ടെത്തുന്നത്. എച്ച്‌ഐവി സംശയമുണ്ടെങ്കില്‍ നിരന്തര പരിശോധനകളിലൂടെ മാത്രമെ രോഗം സ്ഥിരീകരിക്കാനാകു. ചിലരില്‍ രോഗാണു പ്രത്യക്ഷപ്പെടാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കും.

ലക്ഷണങ്ങള്‍

ഒരു വ്യക്തിക്ക് എയ്ഡ്‌സ് ബാധിച്ചാല്‍ പനി, ക്ഷീണം, തൊണ്ടവേദന, ഫ്‌ലൂ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. എയ്ഡ്‌സിലേക്കെത്തും വരെ പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നുമില്ല.

പനി, രാത്രിയില്‍ വിയര്‍ക്കുക, തുടര്‍ച്ചയായ ഇന്‍ഫെക്ഷനുകള്‍, ശരീരഭാരം കുറയുക, ഇടുപ്പു വേദന, വരണ്ട ചുമ, ശരീര വേദന, ഓക്കാനം, ഛര്‍ദ്ദി, തുടര്‍ച്ചയായ അതിസാരം, വ്രണങ്ങള്‍, കുടല്‍വ്രണം (Ulcer), നാവിനു വെളുത്ത നിറം, ഭക്ഷണം ഇറക്കുമ്പോള്‍ വേദന, ചര്‍മത്തില്‍ പാടുകള്‍ ഇവയെല്ലാം എയ്ഡ്‌സിലേക്കെത്തുന്ന ലക്ഷണങ്ങളാകാം.

ചികിത്സ

ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ ഈ അസുഖത്തെക്കുറിച്ചുള്ള ഒരു ധാരണ. എന്നാല്‍ വസ്തുത എന്തെന്നാല്‍ കൃത്യമായ ചികിത്സ തക്കസമയത്ത് തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഈ അസുഖം ബാധിച്ച മനുഷ്യര്‍ക്ക് സാധാരണ ഒരു മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം തന്നെ ലഭിക്കുന്നു. പണ്ടൊക്കെ ഒരുപാട് ഗുളികകള്‍ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് അത് ദിവസത്തില്‍ വെറും ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാര്‍ശ്വഫലങ്ങള്‍ വളരെ കുറയുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ആളുടെ കൂടെ ഒരു മുറിയില്‍ ഇരുന്നത് കൊണ്ടോ, രോഗിയെ സ്പര്‍ശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാള്‍ക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകള്‍ മൂലം ഈ രോഗം ബാധിച്ചവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

എയ്ഡ്‌സ് ദിനം

1988 മുതലാണ് ലോക എയ്ഡ്‌സ് ദിനം ആചരിച്ച് തുടങ്ങിയത്. ആഗോള ആരോഗ്യത്തിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനം കൂടിയായിരുന്നു ഇത്. എയ്ഡ്സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്സ് രോഗ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. എയ്ഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ ധരിക്കുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.