‘അസംഘടിത തൊഴിലാളികൾക്ക് ഇൻഷൂറൻസ്’; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

വാടക കെട്ടിടം ആവശ്യമുണ്ട്

കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയകെട്ടിടം നിര്‍മ്മിക്കുന്നത് വരെ പ്രവര്‍ത്തിക്കുന്നതിന് വാടക കെട്ടിടം ആവശ്യമുണ്ട്. കെട്ടിടം വാടകക്ക് നല്‍കാന്‍ താല്പര്യമുള്ളവര്‍ കൊയിലാണ്ടി സബ് ട്രഷറിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9496000214.

ട്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ അവിടനല്ലൂരിലെ ഗവ:പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവിലുളള ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അതത് വിഷയങ്ങളില്‍ ബി.എഡ് യോഗ്യതയുളളവര്‍ക്കും യു.പി വിഭാഗത്തില്‍ ടി.ടി.സി യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. ഹൈസ്‌കൂള്‍ വിഭാഗത്തിന് പരമാവധി 4000 രൂപയും യു.പി. വിഭാഗത്തിന് പരമാവധി 3000 രൂപയും ഓണറേറിയം ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16 നകം യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ബാലുശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 9497727049,790734980

എംഎല്‍എ പരിശോധന നടത്തി

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ആക്ഷേപങ്ങള്‍ മനസ്സിലാക്കുന്നതിനും മുക്കം മുതല്‍ എരഞ്ഞിമാവ് വരെയുള്ള ഭാഗത്ത് ലിന്റോ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഡ്രൈനേജുകള്‍, കള്‍വെര്‍ട്ടുകള്‍, കയ്യേറ്റം, സര്‍വേ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.

പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ മനസ്സിലാക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായി എംഎല്‍എ പറഞ്ഞു. ജനപ്രതിനിധികള്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.

രാത്രി നടത്തം സംഘടിപ്പിക്കുന്നു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ജില്ലാ വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു. ‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ’ ഭാഗമായി നാളെ (ഡിസംബര്‍ 10) പഞ്ചായത്തുകളില്‍ ഐസിഡിഎസ് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, റസിഡന്റ് അസോസ്സിയേഷന്‍ അംഗങ്ങള്‍, സ്ത്രീസംഘടനകള്‍, എന്‍ എസ് എസ് – എന്‍സിസി വളന്റിയർമാർ, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി യോജിച്ചാണ് പരിപാടി. കോർപ്പറേഷന്‍ പരിധിയിലെ മാനാഞ്ചിറ, റെയില്‍വേസ്റ്റേഷന്‍, എസ് എം സ്ട്രീറ്റ്, ബീച്ച് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച് ബീച്ചില്‍ അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇന്‍ഷുറന്‍സ് പരിരക്ഷ: അസംഘടിത തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നടപ്പില്‍ വരുത്തിയ എംപ്ലോയീസ് കോംപന്‍സേഷന്‍ നിയമം 1923 പ്രകാരമുളള 10 ലക്ഷം, 18 ലക്ഷം വരെയുളള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനു ജില്ലയിലെ അസംഘടിത തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446252689.

ഇന്‍ഷൂറന്‍സ്: രേഖകള്‍ ഹാജരാക്കണം

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളെ 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഇതിനായി പുതുതായി രജിസ്ട്രര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോമും നിലവിലുള്ള തൊഴിലാളികളില്‍ നോമിനിയെ മാറ്റാന്‍ താത്പര്യമുള്ളവര്‍ അത് സംബന്ധിച്ച രേഖകളും ഡിസംബര്‍ 15 നകം ഈസ്റ്റ്ഹില്ലിലെ ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. പ്രൊപ്പോസല്‍ ഫോം ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495-2384355.

കോവിഡ് പ്രതിസന്ധിക്കിടയിലും വ്യവസായ മേഖലയില്‍ പുത്തനുണര്‍വ്; സൂക്ഷ്മ – ചെറുകിട മേഖലയിൽ 91 കോടിയുടെ നിക്ഷേപം

കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ വ്യവസായ മേഖലയില്‍ പുത്തനുണര്‍വ്. ഈ സാമ്പത്തികവര്‍ഷം ഇതുവരെ ജില്ലയില്‍ സൂക്ഷ്മ – ചെറുകിട മേഖലയിൽ (എം.എസ്.എം.ഇ ) 91 കോടിയുടെ നിക്ഷേപമുണ്ടായതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. 822 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ യൂണിറ്റുകളില്‍ മൊത്തം 2,758 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കോവിഡ് കാരണം പ്രതിസന്ധി നേരിട്ട ചില വ്യവസായ യൂണിറ്റുകള്‍ പ്രതിസന്ധി കുറഞ്ഞതോടെ വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്.

ഈ വര്‍ഷം ജില്ലയില്‍ കാര്‍ഷിക ഭക്ഷ്യാധിഷ്ഠിത മേഖലയില്‍ 285 പ്രധാന വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചു. സേവന മേഖല 208, ജനറല്‍ എഞ്ചിനിയറിംഗ് 63, ടെക്സ്റ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് 54, സിമന്റ് ഉല്‍പ്പന്നങ്ങള്‍ 33, മരാധിഷ്ഠിത മേഖല 23, പ്രിന്റിംഗ് 20, ഐ.ടി ആന്‍ഡ് ഐ ടി ഇ എസ് 19, ലെതര്‍ പ്രൊഡക്സ് 18, പേപ്പര്‍ പ്രൊഡക്ട്സ് ഞാൻ 14 എന്നിങ്ങനെയുമാണ് യൂണിറ്റുകള്‍ ആരംഭിച്ചത്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീമില്‍ (ഇഎസ്എസ്) 51 യൂണിറ്റുകള്‍ക്ക് 295 ലക്ഷം രൂപ സബ്സിഡി നല്‍കി. പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പ്രകാരം 90 യൂണിറ്റുകള്‍ക്ക് 214 ലക്ഷം രൂപ സബ്സിഡിയായി അനുവദിക്കുകയും ചെയ്തു. കോവിഡ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇന്ററസ്റ്റ് സബ് വെന്‍ഷന്‍ പദ്ധതി പ്രകാരം 168 അപേക്ഷകള്‍ക്ക് 17 ലക്ഷം രൂപയും അനുവദിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.