അവസാന സ്ലാബിന്റെ കോൺക്രീറ്റും കഴിഞ്ഞു; കോരപ്പുഴപ്പാലം സജ്ജമാകുന്നു
ചേമഞ്ചേരി: കോരപ്പുഴ പാലത്തിന്റെ അവസാനത്തെ സ്ലാബിന്റെ കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയായി. ഇതോടുകൂടി പാലത്തിന്റെ പ്രധാന പ്രവൃത്തികളെല്ലാം കഴിഞ്ഞു. ഫെബ്രുവരി മാസം അവസാനത്തോടെ പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു.
നല്ല കാര്യക്ഷമതയോടെയും ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് കഴിയുന്നുണ്ടെന്ന് ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ പറഞ്ഞു.
12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് സുമഗമായി കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. പാലത്തിന് ഇരുവശങ്ങളിലും നടപ്പാതകളുമുണ്ട്. പഴയ പാലത്തിന് 5.5 മീറ്റര്‍ വീതി മാത്രമേയുണ്ടായിരുന്നുളളു. പാലത്തിന്റെ ഇരു വശത്തുമായി 350 മീറ്റര്‍ നീളത്തില്‍ സമീപ റോഡിന്റെയും പ്രവര്‍ത്തി അവസാനഘട്ടത്തിലാണ്.
പാലത്തിന് ഏഴ് സ്പാനുകളാണ് ഉള്ളത്. 32 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് സ്പാനുകള്‍ നിര്‍മ്മിച്ചത്. ഇരു കരകളിലും പുഴയിലുമായി നിര്‍മ്മിച്ച എട്ട് തൂണുകളിലാണ് പാലം പണിയുന്നത്. 24.32 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.
കോരപ്പുഴ പഴയ പാലത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന ആര്‍ച്ചുകള്‍ പുതിയ പാലത്തിനും ഉണ്ട്. സമീപന റോഡിന്റെ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കോരപ്പുഴ അങ്ങാടിയില്‍ നിന്ന് 150 മീറ്ററും എലത്തൂര്‍ ഭാഗത്ത് നിന്ന് 180 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡ് പണിയുന്നത്. നിശ്ചിത സമയത്ത് തന്നെ പാലം പണി പൂര്‍ത്തിയാക്കുമെന്ന് യു.എല്‍.സി.സി അധികൃതര്‍ പറഞ്ഞു.