അവസാന വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഒക്ടോബര്‍ നാലു മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ അവസാന വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഒക്ടോബര്‍ നാലിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് നടക്കുകയെന്നും അവര്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍മാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലരവരെയുുള്ള സമയത്തില്‍ അഞ്ച് മണിക്കൂര്‍ അധ്യായനം ലഭിക്കുന്ന വിധത്തിലുള്ള മൂന്ന് സമയക്രമങ്ങളാണ് കോളേജുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ ഏതു സമയക്രമം വേണമെന്ന് അതത് സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് തീരുമാനിക്കാം.
വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തത് ക്ലാസുകള്‍ തുടങ്ങുന്നതിന് വെല്ലുവിളിയാവുന്നുണ്ട്. കോളേജുകളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി ഈ പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
തുറക്കുന്നതിനു മുന്നോടിയായി കോളേജുകള്‍ അണുവിമുക്തമാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും മന്ത്രി അറിയിച്ചു.