അവസാനമായി അവര്‍ ഇന്നെത്തും,ബേപ്പൂരിലേക്ക്; സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, വിശ്വസിക്കാനാവാതെ ഒരു നാട്


ബേപ്പൂര്‍: ലൈബയുടെയും സഹയുടെയും ലുത്ഫിയുടെയും പുഞ്ചിരിയും കുസൃതിയും നിറഞ്ഞ മുഖങ്ങൾ പതിഞ്ഞ മനസുകൾക്ക് ഇനിയും അവർ ഇല്ല എന്ന വിവരം ഉൾക്കൊള്ളാനായിട്ടില്ല. ഇന്ന് അവസാനമായി ഒരിക്കൽ കൂടി ആ കുരുന്നുകൾ എത്തും, ബേപ്പൂരിലേക്ക്. സൗദി വാഹനാപകടത്തില്‍ മരിച്ച ബേപ്പൂര്‍ സ്വദേശികളുടെ കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും.

പുലര്‍ച്ചെ 3 മണിക്ക് നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ 10 ന് ബേപ്പൂരില്‍ കൊണ്ടുവരാനാണു ശ്രമം. മൃതദേഹങ്ങള്‍ ബേപ്പൂര്‍ വലിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ അഞ്ചുപേർക്കും അടുത്തടുത്തായി ഖബർ ഒരുങ്ങി.

തെക്കു പടിഞ്ഞാറന്‍ സൗദിയിലെ ബിഷയില്‍ നടന്ന വാഹനാപകടത്തിലാണ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചത്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ ജുബൈലില്‍ നിന്ന് കുടുംബസമേതം ജിസാനിലേക്കുള്ള യാത്രക്കിടെ ബിഷയിലെ അല്‍ റെയ്‌നിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നല്‍ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ തകര്‍ന്നു.മുഹമ്മദ് ജാബിറിന്റെ ഭാര്യയും മക്കളും സന്ദർശക വിസയിലെത്തിയതായിരുന്നു.

സൗദിയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അബ്ദുല്‍ ലത്തീഫ് ജമീല്‍ കമ്പനിയിലെ ജുബൈല്‍ ശാഖയില്‍ ഫീല്‍ഡ് ഓഫീസറായിരുന്നു മുഹമ്മദ് ജാബിര്‍. ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടി പോകുമ്പോഴാണ് അപകടം.