”അവന് ഇടയ്ക്ക് പനിയും തൊണ്ടവേദനയും വരാറുള്ളതാണ്”, നിപ ബാധിച്ച് ഹാഷിം മരിച്ചിട്ട് ഒരുമാസം; ഹാഷിമിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ വിതുമ്പി മാതാപിതാക്കള്‍
കോഴിക്കോട്: ”അവന് ഇടയ്ക്ക് പനിയും തൊണ്ടവേദനയും വരാറുള്ളതാണ്. അതുപോലെയൊന്നായിരിക്കും എന്നാണ് കരുതിയത്. ഡോക്ടര്‍മാരും ആദ്യം ഇതുതന്നെയാണ് പറഞ്ഞത്. തിരിച്ചുവരുമെന്നു തന്നെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ” -വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ ചാത്തമംഗലം പാഴൂര്‍ വായോളി അബൂബക്കര്‍ നിശ്ശബ്ദനായി.
പൊന്നുപോലെ വളര്‍ത്തിയ ഏകമകന്‍ 12-കാരനായ മുഹമ്മദ് ഹാഷിം നിപബാധിച്ച് മരിച്ചിട്ട് ഒക്ടോബര്‍ അഞ്ചിന് ഒരു മാസം തികയുകയാണ്. 21 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് മാതാപിതാക്കള്‍ അബൂബക്കറും വഹീദയും ഒരാഴ്ചമുമ്പാണ് വഹീദയുടെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഓഗസ്റ്റ് 27-നായിരുന്നു പനിയുടെ ലക്ഷണങ്ങള്‍ ഹാഷിം കാണിച്ചുതുടങ്ങിയത്. അന്ന് പാരസെറ്റമോള്‍ കൊടുത്തെങ്കിലും 29-ന് എരഞ്ഞിമാവിലുള്ള സ്വകാര്യ ക്ലിനിക്കില്‍ കാണിച്ച് ആന്റിബയോട്ടിക് മരുന്നുകള്‍ കൊടുത്തു. പക്ഷേ, 30-ന് പനി കൂടുകയും പലവട്ടം ഛര്‍ദിക്കുകയും ചെയ്തു.
31-ന് ഇ.എം.എസ്. ആശുപത്രിയില്‍ കാണിച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തി, കോവിഡ് അല്ലെന്ന് ഉറപ്പുവരുത്തി. എന്നിട്ടും സംശയം തോന്നിയതിനാല്‍ ശാന്തി ആശുപത്രിയില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി. പരിശോധന നെഗറ്റീവ് ആയിരുന്നെങ്കിലും ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞിരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ക്ഷീണിച്ച് അവശനായിരുന്നെങ്കിലും ഹാഷിം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ടായിരുന്നു അപ്പോഴുമെന്ന് വഹീദ ഓര്‍ക്കുന്നു. പനി കൂടി വായില്‍നിന്നും നുരയും പതയും വന്നിട്ടും മെഡിക്കല്‍ കോളേജ് അധികൃതര്‍ വേണ്ടത്ര പരിചരണം നല്‍കിയില്ലെന്ന് വഹീദ പറയുന്നു.
”അവിടെ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരോട് ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ സീനിയര്‍ ഡോക്ടര്‍ വരട്ടെ എന്നുപറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് എക്‌സ്‌റേയും സി.ടി. സ്‌കാനും മാത്രം എടുത്തു”.
രാത്രി ഏറെ വൈകിയപ്പോള്‍ അസുഖം മൂര്‍ച്ഛിക്കുകയും നാവ് പുറത്തിടുകയും പല്ലുകൂട്ടി കടിക്കുകയും പോലുള്ള വെപ്രാളം കാണിച്ചിരുന്നു.
നേരം പുലര്‍ന്നപ്പോള്‍ ഡോക്ടര്‍മാര്‍ കുട്ടികള്‍ക്കുള്ള വെന്റിലേറ്റര്‍ ലഭ്യമല്ല എന്നുപറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് മിംസിലേക്ക് മാറ്റിയപ്പോഴേക്കും നില വഷളായിരുന്നു. ”നമുക്ക് വീട്ടിലേക്ക് പോകാമെന്ന് അവന്‍ എന്നോട് ഐ.സി.യു.വില്‍വെച്ച് പറഞ്ഞിരുന്നു. അവനെ എഴുന്നേല്‍പ്പിച്ച് മൂത്രമൊഴിപ്പിച്ചു.
ഭക്ഷണം തലയില്‍ കയറി ചുമയ്ക്കുമോ എന്ന ഭയന്ന് കഞ്ഞി കൊടുത്തില്ല. വീണ്ടും അവനെ ഒന്ന് എടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, വിധി അതിനു സമ്മതിച്ചില്ല” -വഹീദ നിറകണ്ണുകളോടെ പറഞ്ഞു.
•വവ്വാലുകളുടെ സാന്നിധ്യമേറെ
ഹാഷിം പനി തുടങ്ങുന്നതിന് രണ്ടുനാള്‍മുമ്പ് പിതാവിനെ തോട്ടത്തില്‍ അടയ്ക്കപെറുക്കാന്‍ സഹായിച്ചിരുന്നു. കവുങ്ങും പേരമരങ്ങളും ഏറെയുള്ള പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. പാഴൂരിന് തൊട്ടടുത്തുള്ള കൊടിയത്തൂര്‍ പഞ്ചായത്തില്‍നിന്ന് പിടിച്ച നൂറോളം വവ്വാലുകളിലാണ് കഴിഞ്ഞദിവസം നിപയുടെ ആന്റിബോഡി സ്ഥിരീകരിച്ചത്.
•ഭയം വിട്ടൊഴിയാതെ പാഴൂര്‍
ഹാഷിം മരിച്ച ദിവസംമുതല്‍ പാഴൂര്‍ പ്രദേശം അടച്ചിടുകയായിരുന്നു. 188 പേര്‍ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. ഭീതിയകന്ന അങ്ങാടിയില്‍ വീണ്ടും തിരക്കേറിവരുമ്പോഴാണ് വവ്വാലുകളില്‍ ആന്റിബോഡി കണ്ടെത്തിയത്. വവ്വാലുകള്‍ കൂട്ടത്തോടെ മരങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ച നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.