അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ പെരുവണ്ണാമൂഴിക്ക് വിട്ടോ! ഡാമിലെ ടൂറിസം വികസന പദ്ധതി ജനുവരി 24-ന് സഞ്ചാരികള്‍ക്ക് സമര്‍പ്പിക്കും


പേരാമ്പ്ര : അവധി ദിനങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഇനി പെരുവണ്ണാമൂഴിക്ക് പോകാം. കുട്ടികള്‍ക്ക് കളിക്കാനായി പാര്‍ക്ക്, നടപ്പാത തുടങ്ങിയവ ഒരുക്കിയാണ് കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമില്‍ ടൂറിസം വികസനപദ്ധതി നടപ്പിലാക്കിയത്. 3.13 കോടി രൂപയുടെ ടൂറിസം വികസനപദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന പെരുവണ്ണാമൂഴിയില്‍ നടപ്പാക്കിയത്. ജനുവരി 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സഞ്ചാരികള്‍ക്കായി സമര്‍പ്പിക്കും.

കുട്ടികളുടെ പാര്‍ക്ക്, ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഓപ്പണ്‍ കഫ്റ്റീരിയ, നടപ്പാത, ലാന്‍ഡ് സ്‌കേപ്പിങ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ് സൗകര്യം, ഗേറ്റ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയവ പൂര്‍ത്തിയായി. നിലവിലെ ടിക്കറ്റ് കൗണ്ടറുള്ള സ്ഥലം പ്രവേശനഭാഗത്ത് മുന്നോട്ടുമാറ്റി പുതിയ കൗണ്ടര്‍ നിര്‍മിച്ചു. ഇതിനുസമീപംതന്നെ കുട്ടികളുടെ പാര്‍ക്കുമൊരുക്കി. ഡാമില്‍ പൂന്തോട്ടത്തിന്റെ ഭാഗത്തുനിന്ന് താഴെ ഡാം ഷട്ടറുള്ള ഭാഗത്തേക്ക് കുത്തനെ പടികളിറങ്ങുന്നത് ഒഴിവാക്കാന്‍ പുതിയ നടപ്പാതയും കൈവരികള്‍ ഘടിപ്പിച്ച് നിര്‍മിച്ചു. നേരത്തേ പോലീസ് സ്റ്റേഷനുണ്ടായിരുന്ന സ്ഥലത്താണ് കഫ്റ്റേരിയ ഒരുക്കിയത്.

വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ സഞ്ചാരികള്‍ പെരുവണ്ണാമൂഴിയില്‍ എത്താറുണ്ടെങ്കിലും ഡാമില്‍ ഏറെക്കാലമായി ടൂറിസം വികസനപദ്ധതിയൊന്നും നടപ്പാക്കിയിരുന്നില്ല. ജലസേചനവിഭാഗത്തിന്റെ ഫണ്ട് ടുറിസം വികസനത്തിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടൂറിസം വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കിയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന മാനേജ്‌മെന്റ് കമ്മിറ്റിയാണ് പദ്ധതിയുടെ പരിപാലനച്ചുമതല നിര്‍വഹിക്കുക. എം.എല്‍.എ. ചെയര്‍മാനും കളക്ടര്‍ കണ്‍വീനറും ജലസേചനപദ്ധതി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സെക്രട്ടറിയും ഡി.ടി.പി.സി. അധികൃതര്‍, ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരടങ്ങുന്ന അംഗങ്ങളുമടങ്ങുന്നതാണ് കമ്മിറ്റി.

നിലവില്‍ ഡാമിലെത്തുന്ന സഞ്ചാരികളില്‍നിന്ന് ഈടാക്കുന്ന വരുമാനം നേരിട്ട് സര്‍ക്കാരില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, ടൂറിസം വികസനത്തിന് വിനിയോഗിക്കാന്‍ തുക ലഭിക്കാറില്ല. പുതിയ സംവിധാനം വരുന്നതോടെ മാനേജ്മെന്റ് കമ്മിറ്റിക്ക് ഫണ്ട് വകയിരുത്തി പുതിയ കാര്യങ്ങള്‍ ചെയ്യാനാകും. സാഹസിക വിനോദങ്ങള്‍ക്കായുള്ള ഏതാനും കാര്യങ്ങള്‍കൂടി നടപ്പാക്കുന്നത് പരിഗണനയിലുണ്ട്.