അഴകുള്ള അക്ഷരങ്ങളുമായി കൂട്ടുകൂടി ഒരു കൊയിലാണ്ടിക്കാരി; കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഫാത്തിമ ഫർഹ


കൊയിലാണ്ടി: കൈകൾ നയിക്കുന്ന വഴിയേ വരക്കുകയായിരുന്നു, ഒടുവിൽ താൻ പോലും അറിയാതെ ഫാത്തിമ ഫര്‍ഹ എത്തിയത് കാലിഗ്രഫി ലോകത്ത്. ഒരു വര്‍ഷം കൊണ്ട് അന്‍പതിലധികം അറബി വാക്യങ്ങള്‍ വരച്ചാണ് രണ്ടാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ത്ഥിയായ ഫര്‍ഹ ശ്രദ്ധയാകർഷിക്കുന്നത്. കൊയിലാണ്ടി ബീച്ച് റോഡില്‍ ഖലീജ് മന്‍സില്‍ ടീ.എ.അബ്ദുല്‍ ഹമീദിന്റെയും സി.എച്.ഷാഹിനയുടെയും മകളാണ് ഫാത്തിമ ഫര്‍ഹ.

പ്ലസ്ടൂ പഠന സമയത്ത് നോട്ട്ബുക്കില്‍ ഒരു രസത്തിനായി വരച്ചതായിരുന്നു ഫാത്തിമ. എന്നാൽ കൊയിലാണ്ടി ബീച്ച് റോഡിലെ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മദ്രസയിലെ ഇസ്ഹാഖ് ഉസ്താദ് ഫാത്തിമ വരച്ച അറബി വാക്യങ്ങൾ കണ്ടെത്തിയതോടെ ഈ കലാകാരിയുടെ ജീവിതം തന്നെ മാറി മറഞ്ഞു. ഉസ്താദാണ് ഫാത്തിമ ഫര്‍ഹയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. കാലിഗ്രഫിയില്‍ വേണ്ട പരിശീലനം നേടാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കാര്യം അൽപ്പം സീരിയസ് ആയി തന്നെ എടുക്കാൻ ഫാത്തിമയും തീരുമാനിച്ചു. കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു. ഇതിനിടയിൽ പിതാവിന്റെ അബുദാബിയിലെ സുഹൃത്ത് ഹാറൂണ്‍ കാലിഗ്രാഫിയ്ക്ക് വേണ്ട മഷിയും കലം പേനയും (മുള പേന) സമ്മാനിച്ചു.

കണ്ണൂരിലെ ഷഹാന അബ്ദുല്ലയുടെ അടുത്ത് ഫാത്തിമ പരിശീലനത്തിന് ചേർന്നു. അത് വലിയൊരു വഴിത്തിരിവായിരുന്നു. കാലിഗ്രാഫിയെ കൂടുതല്‍ അടുത്തറിയാൻ ഇതിലൂടെ സാധിച്ചു. കലം ഉപയോഗിച്ച് വരക്കുമ്പോള്‍ ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു, എങ്കിലും വിട്ടുകൊടുക്കുവാൻ ഫാത്തിമ തയ്യാറായിരുന്നില്ല. നിരന്തര ശ്രമത്തിലൂടെ കളംപേനയുമായി ചങ്ങാത്തത്തിലായി.

ഇന്‍സ്റ്റാഗ്രാം വഴി അന്‍ഫസ് വണ്ടൂര്‍, അജ്മല്‍ ഗ്രാഫി കണ്ണൂര്‍,ഫയേസ എന്നി പരിശീലകരുടെ ഉപദേശങ്ങളും മറ്റു ക്ലാസ്സുകളും കൂടുതലായി ലഭിച്ചതോടെ കാലിഗ്രാഫി ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.

കല്യാണം,ഗൃഹപ്രവേശം,ജന്മദിനം അങ്ങനെ ആഘോഷങ്ങൾ എന്തുമായിക്കൊള്ളട്ടെ ഫാത്തിമ ഫര്‍ഹയുടെ കാലിഗ്രാഫി സൃഷിടികള്‍ക്കായി ആവശ്യക്കാരെയേറെയാണ്. ബാലുശേരി അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. കോളജിലെ വിദ്യാര്‍ത്ഥിയായ ഫര്‍ഹക്ക് കൂട്ടൂകാരികളില്‍ നിന്നും അധ്യാപകരില്‍ നിന്നും നല്ല പിന്തുണയാണ്.

കാലിഗ്രാഫി പഠനം മനസ്സിന് വലിയ ആശ്വാസവും ഉന്മേഷവും ലഭിക്കുന്നുണ്ടെന്നും ഫര്‍ഹ പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജമീല തന്‍ഹ, നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ എന്നിവരാണ് സഹോദരങ്ങള്‍.

അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമന്‍ കൊത്തുപണികളില്‍ ലാറ്റിന്‍ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാന്‍ കഴിയും. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്.