അലൈന്‍മെന്റില്‍ പിഴവുണ്ട്; പദ്ധതിച്ചെലവ് വിശ്വസനീയമല്ല; സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ വിമര്‍ശനവുമായി ഇ. ശ്രീധരന്‍


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ വേഗ റെയില്‍പാത പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. അലൈന്‍മെന്റില്‍ ഉള്‍പ്പെടെ പാകപ്പിഴകളുണ്ടെന്നും 2025ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന അവകാശവാദം അറിവില്ലായ്മകൊണ്ടാണെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

തിരൂര്‍ മുതല്‍ കാസര്‍കോട് വരെ റെയില്‍പാതയ്ക്ക് സമാന്തരമായി വേഗപാത നിര്‍മിക്കുന്നത് ഭാവിയില്‍ റെയില്‍പാത വികസനത്തെ ബാധിക്കുമെന്നതിനാല്‍ റെയില്‍വേ എതിര്‍ക്കുകയാണ്. സില്‍വര്‍ലൈനിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ റെയില്‍വേ അംഗീകരിച്ചിട്ടില്ല. മറ്റുള്ളവര്‍ കടക്കുന്നത് തടയാന്‍ ട്രാക്കിന്റെ ഇരുവശത്തും വലിയ മതില്‍ നിര്‍മ്മിക്കേണ്ടിവരും. ഇത് കേരളത്തെ രണ്ടായി വിഭജിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

140 കിലോമീറ്റര്‍ പാത കടന്നുപോകുന്നത് നെല്‍വയലുകളിലൂടെയാണ്. ഇതു വേഗപാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയില്‍ നിന്നുമാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണ് വേഗപാത നിര്‍മിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകള്‍ തറനിരപ്പില്‍ നിര്‍മിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇതുവരെ നേരിട്ടുള്ള ലൊക്കേഷന്‍ സര്‍വേ നടത്തിയിട്ടില്ല. ഗൂഗിള്‍ മാപ്പും ലിഡാര്‍ സര്‍വേയും ഉപയോഗിച്ച് അലൈന്‍മെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപരേഖ തയാറാക്കിയത്.

പദ്ധതി ചെലവ്, ഉദ്ദേശിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയൊന്നും വിശ്വസനീയമല്ല. പദ്ധതിക്ക് 64,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്പോള്‍ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. 20,000 കുടുംബങങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. അഞ്ച് വര്‍ഷം കൊണ്ടു പണി തീരില്ലെന്നും ചുരുങ്ങിയത് 10 വര്‍ഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

2025ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം ഏജന്‍സിയായ കെ.ആര്‍.ഡി.സി.എല്ലിന്റെ അറിവില്ലായ്മയുടെ തെളിവാണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജന്‍സിയായ ഡി.എം.ആര്‍.സിക്കു പോലും 8 മുതല്‍ 10 വര്‍ഷം വരെ വേണ്ടിവരും. പദ്ധതി പ്രഖ്യാപിച്ചിട്ട് അഞ്ച് വര്‍ഷമായിട്ടും ഒരു മേല്‍പാലം പോലും നിര്‍മിക്കാനായിട്ടില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.