അലങ്കാര മത്സ്യം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്


കോഴിക്കോട്: അലങ്കാരമത്സ്യം നല്‍കാമെന്നു പറഞ്ഞ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളും നാട്ടുകാരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, കൊലക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട യുവാവിന് കേസില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം കുറ്റിച്ചിറയില്‍ രണ്ടിടങ്ങളില്‍ നിന്നായി നാലു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. അലങ്കാര മത്സ്യം നല്‍കാമെന്നുപറഞ്ഞ് സൈക്കിളിലെത്തിയ യുവാവ് ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടികളെ ഗുജറാത്തി സ്ട്രീറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗുജറാത്തില്‍ സ്ട്രീറ്റില്‍ എത്തിയിട്ടും മത്സ്യം നല്‍കാതായതോടെ രണ്ടുകുട്ടികള്‍ തിരിച്ചുപോകുകയായിരുന്നു. ഇതോടെ മറ്റൊരു കുട്ടിയെ പിടിച്ചുവെക്കാന്‍ ശ്രമിച്ചതോടെ ആ കുട്ടി കുതറി ഓടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇയാള്‍ സഞ്ചരിച്ച സൈക്കിള്‍ പൊലീസ് കണ്ടെത്തിയതായാണ് വിവരം. ടൗണ്‍ പൊലീസാണ് കേസന്വേഷിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.