അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളായ ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘത്തിന് കുപ്രസിദ്ധമായ പാതിരിപ്പാലം കവര്‍ച്ചാ ശ്രമത്തിലും പങ്ക്; രക്ഷപ്പെട്ട അഞ്ചുപേര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ് – പാതിരിപ്പാലം കവര്‍ച്ച വീഡിയോ കാണാം
കൊയിലാണ്ടി: ഹൈവേ കവര്‍ച്ചാ ശ്രമത്തിനിടെ മീനങ്ങാടിയില്‍ പിടിയിലായ കൊയിലാണ്ടി സ്വദേശികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തിന് കുപ്രസിദ്ധമായ പാതിരിപ്പാലം കവര്‍ച്ചാ കേസിലും പങ്കെന്ന് പൊലീസ്. മൈസൂരുവില്‍ നിന്ന് പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന കാറിനു കുറുകേ മിനിലോറി നിര്‍ത്തി തടസമുണ്ടാക്കിയശേഷം വാഹനം തല്ലിത്തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
2021 ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു കോടി 32ലക്ഷം രൂപ കവരാനായിരുന്നു ശ്രമം. എന്നാല്‍ കാര്‍ അതിവേഗം മറ്റൊരു വഴിയിലൂടെ നീങ്ങിയതിനാല്‍ കവര്‍ച്ച നടന്നില്ല. 16 പേര്‍ പ്രതികളായിട്ടുള്ള കേസില്‍ ഒമ്പതുപേരാണ് ഇതുവരെ പൊലീസിന്റെ പിടിയിലായത്.
ഇവര്‍ക്കൊപ്പം മറ്റൊരു കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തിലും കൊയിലാണ്ടി സ്വദേശികളുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനുളള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ കൂടി പിടിയിലായാല്‍ പാതിരിപ്പാലം കവര്‍ച്ചാ കേസുള്‍പ്പെടെയുള്ള കേസുകളില്‍ തുമ്പാകുമെന്നാണ് പൊലീസ് കരുതുന്നത്.
ഇതിനു പുറമേ കഴിഞ്ഞവര്‍ഷം മീനങ്ങാടിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും വയനാട് എസ്.പി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഹൈവേയില്‍ കവര്‍ച്ച നടത്താനുള്ള പദ്ധതികള്‍ക്കിടെ തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയിലാവുന്നത്. വിയ്യൂര്‍ അരിക്കല്‍ മീത്തല്‍ അഖില്‍ ചന്ദ്രന്‍(29), കന്നൂര്‍ സ്വദേശി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍കുമാര്‍ (26), കന്നൂര്‍ സ്വദേശി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22) എന്നിവരും വയനാട് സ്വദേശികളായ റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ, വടുവന്‍ചാല്‍ കടല്‍മാട് വേലന്‍മാരി തൊടിയില്‍ പ്രദീപ് കുമാര്‍ എന്നിവരുമാണ് പിടിയിലായത്.
അറസ്റ്റിലായ അഖിലിന്റെ പേരില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകളുണ്ടെന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു. അഖില്‍ ചന്ദ്രന്‍ യുവമോര്‍ച്ചയുടെ കൊയിലാണ്ടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റായിരുന്നു. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട അക്രമപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് അഖിലിന്റെ പേരിലുള്ള കേസുകള്‍.
മൈസൂരു, ബെംഗളൂരു ഭാഗത്തുനിന്ന് സ്വര്‍ണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി സി.ഐ സനല്‍രാജ് ഇന്നലെ കൊയിലാണ്ടിയിലെത്തി അന്വേഷണം നടത്തിയിരുന്നു. രക്ഷപ്പെട്ട അഞ്ചംഗ സംഘത്തിനുവേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
വയനാട്ടില്‍ രണ്ടുകാറുകളിലായി പത്തംഗ സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ രക്ഷപ്പെട്ടു. നീല നിറത്തിലുള്ള ഒരേ മോഡല്‍ സ്വിഫ്റ്റ് കാറിലായിരുന്നു സംഘം എത്തിയത്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ പിടികൂടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് കണ്ടെത്തുകയുമായിരുന്നു.