അര്‍ധസെഞ്ച്വറിക്കരികെ സഞ്ജുവിന് പിഴച്ചു; ഏകദിനത്തില്‍ മികച്ച തുടക്കം, 46 റണ്‍സിന് പുറത്ത്


കദിന അരങ്ങേറ്റ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ 46 റൺസെടുത്ത് പുറത്ത്. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന താരത്തെ ജയവിക്ക്‌രാമ അവിഷ്ക ഫെർണാണ്ടോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ജയവിക്ക്‌രാമയുടെ ആദ്യ ഏകദിന വിക്കറ്റായിരുന്നു ഇത്. 46 പന്തുകളാണ് സഞ്ജു ക്രീസിൽ തുടർന്നത്. 5 ബൗണ്ടറിയും ഒരു സിക്സറും അടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്.

ഒമ്പതാമത്തെ ഓവറിൽ കരുണരത്നെയെ തേർഡ്മാനിലേക്ക് പായിച്ചാണ് സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. ആകെ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും അടങ്ങിയ ഇന്നിംഗ്സ് ഒടുവിൽ 19ആം ഓവറിൽ അവസാനിക്കുകയായിരുന്നു. ജയവിക്ക്‌രാമയെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനുള്ള ശ്രമമാണ് ഫെർണാണ്ടോയുടെ കൈകളിൽ അവസാനിച്ചത്. ടി-20 അരങ്ങേറ്റത്തിൽ സിംബാബ്‌വെക്കെതിരെ 24 പന്തിൽ 19 റൺസ് ആയിരുന്നു സഞ്ജു നേടിയത്.

സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങളാണ് ഇന്ന് ടീമിൽ അരങ്ങേറിയത്. സഞ്ജുവിനൊപ്പം രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവർക്കാണ് അരങ്ങേറ്റം. ഇതോടൊപ്പം നവ്ദീപ് സെയ്നിയും ടീമിലെത്തി. ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, ദീപഹ് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്.