അര്‍ജന്റീന കപ്പടിച്ചപ്പോള്‍ കാരുണ്യത്തിന്റെ കരങ്ങളുയര്‍ത്തി മാതൃകയാവുകയാണ് മുയിപ്പോത്ത് സ്വദേശി ബാബു; പ്രവചന മത്സരത്തിലെ സമ്മാനം പാവപ്പെട്ടവര്‍ക്ക്


പേരാമ്പ്ര: കോപ്പ അമേരിക്ക ഫുഡ്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന കപ്പടിച്ചപ്പോള്‍ കാരുണ്യത്തിന്റെ കരങ്ങളുയര്‍ത്തുകയാണ് മുയിപ്പോത്ത് നിരപ്പം കുന്നുകാരുടെ ബാബുവേട്ടന്‍. പ്രവചന മത്സരത്തിലൂടെ ലഭിച്ച സമ്മാനമാണ് ബാബുവേട്ടന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കി മാതൃകയാകുന്നത്. സമ്മാനമായി കിട്ടിയ അരിക്കൊപ്പം മറ്റ് അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തിയ ഭക്ഷ്യ കിറ്റാണ് പ്രദേശത്തെ പാവപ്പെട്ടവര്‍ക്കായി കെഎം ബാബു വിതരണം ചെയ്യുക.

നിരപ്പം സ്റ്റേഡിയം കായിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കോപ്പ അമേരിക്ക – യൂറോ കപ്പ് പ്രവചന മത്സരത്തിലാണ് കെഎം ബാബു മെഗാ വിജയിക്കുള്ള സമ്മാനം കരസ്ഥമാക്കിയത്. ഒരു ചാക്ക് അരിയായിരുന്നു സമ്മാനമായി ലഭിച്ചത്. അരിക്കൊപ്പം മറ്റ് അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി തന്റെ സന്തോഷം പാവപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാനൊരുങ്ങുകയാണ് ബാബു. ഇതിന് വേണ്ട തുക കൂടി കായിക കൂട്ടായ്മയുടെ സംഘാടക സമിതിയെ ഏല്‍പ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തികഞ്ഞ ഫുട്‌ബോള്‍ പ്രേമിയായ അദ്ദേഹം പ്രദേശത്തെ കായിക സംഘാടന പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ്.
ഗള്‍ഫില്‍ നടന്ന ബെറ്റിലൂടെ ലഭിച്ച 10000 രൂപയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ തുകയും അര്‍ഹതപ്പെട്ട പാവങ്ങള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 13- വാര്‍ഡ് മെമ്പര്‍ സുബൈദ ഇ.കെ ഉല്‍ഘാടനം ചെയ്തു. പ്രാഥമിക മത്സരം മുതല്‍ ദിവസവും നറുക്കെടുപ്പിലൂടെ വിജയിക്ക് 1 ലിറ്റര്‍ പെട്രോള്‍ വീതവും, മറ്റ് പ്രോല്‍സാഹന സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു.