അരിക്കുളത്ത് സ്വര്‍ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടു പോകല്‍: മുഖ്യപ്രതികള്‍ കാണാമറയത്ത്, കേസന്വേഷണം എങ്ങുമെത്തിയില്ല, ഉത്തരം കിട്ടാത്ത ചോദ്യങ്ങളിനിയും ബാക്കി


അരിക്കുളം: കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് കാരിയറായ യുവാവിനെ വീട്ടില്‍നിന്നു തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയ സംഭവമുണ്ടായിട്ടു ഒരു മാസം പിന്നിടുമ്പോഴും മുഖ്യപ്രതി അടക്കമുള്ളവരെ ഇപ്പോഴും പിടികൂടാനായിട്ടില്ല. ഇതിനിടെ തട്ടിക്കൊണ്ടു പോകലിന് മുഖ്യ ആസൂത്രണം നടത്തിയെന്നു സംശയിക്കുന്ന കൊടുവള്ളി സ്വദേശി അബ്ദുല്‍ സലാം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 13നാണു അരിക്കുളം ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ അഷ്‌റഫിനെ(35)യാണ് രാവിലെ 6.30ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. കൊടുവള്ളിയിലെ ഒരു സംഘത്തിനു വേണ്ടി യുവാവ് സ്വര്‍ണം കടത്തിയിരുന്നെന്നും എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ ഉടമസ്ഥര്‍ക്കു നല്‍കാത്തതുമാണു തട്ടിക്കൊണ്ടുപോകാന്‍ കാരണം.

വീട്ടിലെത്തിയ സംഘം മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന അഷ്‌റഫിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അര്‍ധരാത്രിയോടെ ചാത്തമംഗലത്ത് മര്‍ദനമേറ്റ് അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസം പിന്നിടുമ്പോള്‍ അന്വേഷണത്തില്‍ തെളിയാന്‍ ഇനിയും കാര്യങ്ങള്‍ ഏറെയുണ്ട്.

ഇനിയും കണ്ടെത്താനാകാത്ത വസ്തുതകള്‍

1. അഷ്‌റഫിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയ 5 അംഗ സംഘം എവിടെ? തോക്കു ചൂണ്ടി കണ്ണുകെട്ടി തട്ടിക്കൊണ്ടു പോയ പ്രഫഷനല്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പോലും ഇതുവരെ പിടിയിലായില്ല.

2. ഈ കേസില്‍ ഇതുവരെ അറസ്റ്റിലായത് 4 പേരാണ്. ഇവരെല്ലാം അഷ്‌റഫിനെ മുന്‍പ് ഭീഷണിപ്പെടുത്തുകയും അഷ്‌റഫിന്റെ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയവരും ആണ്. ഈ ഒന്നാം സംഘത്തെ മറികടന്ന് രണ്ടാമതൊരു സംഘം തട്ടിക്കൊണ്ടു പോകലിന് ഇറങ്ങിയത് എന്തിന്?

3. മുഖ്യ ആസൂത്രകന്‍ എന്നു സംശയിക്കുന്ന കൊടുവള്ളി സ്വദേശി അബ്ദുല്‍ സലാം എന്ന ബാബുഡു എവിടെ? ബാബുഡുവിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുമ്പോഴും ബാബുഡു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത് എങ്ങനെ?

4. അഷ്‌റഫിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുന്നുവെങ്കില്‍ സ്വര്‍ണം എത്തിച്ച കൊടുവള്ളി സംഘത്തെയും പൊട്ടിച്ച കണ്ണൂര്‍ സംഘത്തെയും തിരിച്ചറിയാന്‍ ഇതുവരെ കഴിയാത്തത് എന്തുകൊണ്ട്?

5. അഷ്‌റഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ച കൊടി സുനിയുടേതെന്നു കരുതുന്ന ശബ്ദ സന്ദേശം യഥാര്‍ഥത്തില്‍ ആരുടേതാണ്? കൊടി സുനിയുടെതല്ലെന്നും നാദാപുരം സ്വദേശി അഖിന്റെതാണെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. എങ്കില്‍ ആരാണ് ഈ അഖിന്‍?