അരിക്കുളത്ത് സ്വര്‍ണക്കടത്തുകാരന്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്‌


അരിക്കുളം: അരിക്കുളം സ്വര്‍ണകാരിയറായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും ഇന്നലെ മന്ദൻ കാവ്, ഊരള്ളൂർ എന്നിവടങ്ങളിൽ തെളിവെടുപ്പിനു കൊണ്ടുപോയി. കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ ഇന്നലെ തെളിവെടുപ്പ് നടത്തിയത്. നഷ്ടപ്പെട്ട സ്വർണത്തിൻ്റെ ഉടമസ്ഥർ ഇപ്പോൾ അറസ്റ്റിലായ മൂന്ന് പേരോടാണ് മധ്യസ്ഥ ശ്രമത്തിനായി വിട്ടതും ആ സ്വർണം തിരിച്ചുകിട്ടാൻ മാർഗങ്ങളുണ്ടോ എന്ന് ആരാഞ്ഞതും. അതിൻ്റെ അടിസ്ഥാനത്തിൽ അഷ്റഫുമായി മധ്യസ്ഥശ്രമം നടത്താൻ ഇവർ പോയ സ്ഥലങ്ങളിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. അറസ്റ്റിലായ മൂന്നുപേര്‍ക്ക് തട്ടിക്കൊണ്ടുപോയ സംഘവുമായി നേരിട്ട് ബന്ധമില്ലെന്നാണ് സൂചന. അഷറഫിന്റ കൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത നാദാപുരം സ്വദേശി അഖിനായും തിരച്ചില്‍ തുടരുകയാണ്.

അഷറഫ് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണം ആവശ്യപ്പെട്ട് സുഹൃത്ത് നിസാറിനെ തട്ടിക്കൊണ്ടുപോയ മൂന്നുപേരാണ് അറസ്റ്റിലായത്. ഇവര്‍ ക്രിമിനല്‍ സംഘമല്ലെന്നും അഷറഫിനെ തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. അറസ്റ്റിലായ സെയ്ഫുദീന്‍ എന്നയാളിന്റ സുഹൃത്ത് കൊടുത്തുവിട്ട സ്വര്‍ണവും അഷറഫിന്റ കൈവശമുണ്ടായിരുന്നു. ഇതാവശ്യപ്പെട്ടാണ് ഇവര്‍ അഷറഫിന്റ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയത്. അഷറഫിന്റ ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ വിട്ടയയ്ക്കുകയും ചെയ്തു. മാത്രമല്ല, പിടിയിലായവരില്‍ രണ്ടുപേര്‍ സാമ്പത്തികശേഷിയുള്ളവരുമാണ്.

അഷറഫ് കൊണ്ടുവന്ന രണ്ട് കിലോ സ്വര്‍ണം പലരുടേതായിരുന്നു. ഇതുപോലെ നഷ്ടപ്പെട്ട മറ്റാരുടെയെങ്കിലും സംഘമായിരിക്കാം തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം അഷറഫിന്റ കൈയില്‍ നിന്ന്സ്വര്‍ണം തട്ടിയെടുത്ത അഖിലിനായി അന്വേഷണം ഊര്‍ജിതമാക്കി.

എതിരാളികളെ പേടിപ്പെടുത്താന്‍ കൊടി സുനിയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം തയാറാക്കി അഷറഫിന്റ ഫോണിലേക്ക് അയച്ചുകൊടുത്തത് അഖിലാണെന്നാണ് നിഗമനം. കണ്ണൂര്‍ സംഘവുമായി അഖിലിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യഥാർഥ പ്രതികളെ പിടികൂടാൻ വല വരിച്ചു കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

അരിക്കുളം ഊരള്ളൂർ സ്വദേശി അഷറഫിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായവരെ തെളിവെടുപ്പിനായി കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മന്ദൻ കാവിൽ കൊണ്ടുവന്നപ്പോൾ.