അരിക്കുളത്ത് കണ്ടെത്തിയ ഗുഹയുടെ നിർമാണ രീതികൾ ശിലായുഗ മനുഷ്യരുടെ വൈദഗ്ധ്യത്തിൻ്റെ തെളിവ് – എം.ആർ.രാഘവവാരിയർ


മേപ്പയൂർ: അരിക്കുളത്തെ കാരയാട് കാളിയത്ത് മുക്കിൽ കണ്ടെത്തിയ ചെങ്കൽ ഗുഹയുടെ നിർമാണ രീതികൾ മഹാശിലാ കാലത്തെ ജനതയുടെ വൈദഗ് ധ്യത്തിൻ്റെ തെളിവാണെന്ന് ചരിത്രകാരൻ എം.ആർ.രാഘവവാരിയർ പറഞ്ഞു. ചെങ്കൽ ഗുഹയിൽ പുരാവസ്തു വകുപ്പ് ആരംഭിച്ച ശാസ്ത്രീയ പരിശോധനയുടെ സമാപന ദിനത്തിൽ ഗുഹ സന്ദർശിക്കാനെത്തിയതായിരുന്നു രാഘവവാരിയർ. പുരാവസ്തു വകുപ്പ് ഡയരക്ടർ ഇ.ദിനേശനും അദ്ദേഹത്തോടൊപ്പം ഗുഹയുടെ നിർമാണ രീതികൾ നോക്കി കണ്ടു.

കൃത്യമായ രീതിയിൽ വെട്ടിയെടുത്ത ഗുഹയും അകത്തെ സൗകര്യങ്ങളും അറയിലെ മൺപാത്രങ്ങളും മഹാശിലായുഗ മനുഷ്യരുടെ വൈദഗ് ധ്യത്തിൻ്റെ നേർക്കാഴ്ചയാണ്. ഓഗസ്റ്റ് 7നാണ് വീടു നിർമിക്കുന്നതിനായി മണ്ണ നീക്കുന്നതിനിടെ ഗുഹകണ്ടെത്തിയത്. ഗുഹ കണ്ട ഉടനെ ജനങ്ങൾ ഇറങ്ങി പരിശോധിക്കുകയും മൺപാത്രങ്ങൾ എടുത്തു മാറ്റുകയും ചെയ്തു. വിവരമറിഞ്ഞ് മേപ്പയൂർ എസ് ഐ പി.എം.ഹസൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഗുഹയിലെത്തി.തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പുരാവസ്തു ജില്ല ഓഫിസർ കെ.കൃഷ്ണരാജും സംഘവും ഗുഹ സന്ദർശിക്കുകയും പരിശോധന ആരംഭിക്കുകയുമായിരുന്നു.

കൃത്യമായി രീതിയിൽ വെട്ടിയെടുത്ത ഗുഹയും അകത്തെ സൗകര്യങ്ങളും ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണ്. ചതുരാകൃതിയിലുള്ള രണ്ട് അറകളോടുകൂടിയ ഗുഹയിൽ അറകളെ വേർതിരിക്കുന്ന ചുമരിൽ ചെറിയൊരു കിളിവാതിലുമുണ്ട്. രണ്ടിലും കട്ടിലുകളും അടുപ്പുകല്ലുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്. ഗുഹയിൽ നിന്ന് കണ്ടെത്തിയ മൺപാത്രങ്ങൾ കോഴിക്കോട് പഴശ്ശിരാജ മൂസിയത്തിലേക്ക് മാറ്റി. മൺപാത്രങ്ങളുടെ പ്രത്യേകതകൾ വിശധമായ പഠനത്തിന് വിധേയമാക്കുമെന്ന് മ്യൂസിയം ഓഫിസർ കൂടിയായ കെ.കൃഷ്ണരാജ് പറഞ്ഞു.

ഗുഹയുടെ സമീപത്തായി കാൽക്കുഴികളും കണ്ടെത്തിയിരുന്നു. മഹാശിലാസ്മാരകമായ ചെങ്കൽ ഗുഹയുടെ സമീപത്ത് ഇത്തരം കഴികൾ കാണാറുണ്ടെന്നും മിക്കയിടത്തും കുന്നിൻ ചരുവുകളിലാണ് ഗുഹകൾ കാണാറുള്ളതെന്നും മഹാശിലകാലഘട്ടത്തിൽ ആളുകൾ മരിച്ചു കഴിഞ്ഞാൽ ഗുഹ വെട്ടി മൃതദേഹാവശിഷ്ടങ്ങൾക്കൊപ്പം മൺപാത്രങ്ങളും ഇരുമ്പും എല്ലാം വെച്ച് അടക്കം ചെയ്തിരുന്നവയാണിതെന്നും പുരാവസ്തു മ്യൂസിയം ഓഫിസർ കൂടിയായ കെ.കൃഷ്ണരാജ് പറഞ്ഞു. ഏഴു ദിവസം നീണ്ട ശാസ്ത്രീയ പരിശോധന ഇന്നലെ പൂർത്തിയായി.

അരിക്കുളം കാരയാട് കാളിയത്തുമുക്കിൽ കണ്ടെത്തിയ ചെങ്കൽ ഗുഹയിൽ ചരിത്രകാരൻ എം.ആർ.രാഘവവാരിയർ, പുരാവസ്തു ഡയറക്ടർ ഇ.ദിനേശൻ, കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫിസർ കെ. കൃഷ്ണ രാജ് എന്നിവർ പരിശോധന നടത്തുന്നു.