അരിക്കുളത്തെ ആയുര്‍വേദ സ്ഥാപനമടക്കം പത്ത്‌ ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്; ജില്ലാതല അവലോകന യോഗം ചേർന്നു


കൊയിലാണ്ടി: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ എൻ എ ബി എച്ച് നിലവാരം നടപ്പിലാക്കുന്നത് സംബന്ധിച്ച അവലോകനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ എ ഗീത മുഖ്യപ്രഭാഷണം നടത്തി. ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ബി സജിനി ക്ലാസ് നയിച്ചു. ദേശീയ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർ അനിന പി ത്യാഗരാജ്, ആയുർവേദ ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ജെസ്സി പി സി, ഹോമിയോപ്പതി വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ കവിത പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

ജില്ലയിലെ 10 ആയുഷ് സ്ഥാപനങ്ങളിലാണ് എൻ എ ബി എച്ച് നിലവാരം നടപ്പിലാക്കുന്നത്. അരിക്കുളം, കുരുവട്ടൂർ, ഫറോക്ക്, വെള്ളന്നൂർ, കട്ടിപ്പാറ എന്നീ ആയുർവേദ സ്ഥാപനങ്ങളും ചെറുവണ്ണൂർ, തൂണേരി, നന്മണ്ട, കോക്കലൂർ, കട്ടിപ്പാറ തുടങ്ങിയ ഹോമിയോപ്പതി സ്ഥാപനങ്ങളും എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തും. ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ വന്നതോടെ വലിയ മാറ്റങ്ങൾ ആരോഗ്യ മേഖലയിൽ ഉണ്ടായിട്ടുള്ളതായി യോഗം വിലയിരുത്തി.

ദേശീയ ആയുഷ് മിഷന്റെ സഹായത്തോടെ വെൽനെസ് സെന്ററുകളിൽ യോഗ പരിശീലനം, വിവിധ പരിശീലന പദ്ധതികൾ, ആയുഷ് ചികിത്സാരീതികളിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകൾ നടപ്പിലാക്കുന്നതിന് ആശാവർക്കർമാർക്ക് പരിശീലന പരിപാടികൾ എന്നിവയാണ് നടപ്പിലാക്കിയത്. കൂടാതെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ദേശീയ ആയുഷ് മിഷനിലൂടെ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്ക് ലാപടോപ്പ്, ആശാ വർക്കർമാർക്ക് ടാബ്, മൾട്ടിപർപ്പസ് വർക്കർ എന്നിവയും നൽകിയിട്ടുണ്ട്.

ജീവിതശൈലിരോഗങ്ങളുടെ പ്രതിരോധം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ സംരക്ഷണം, പ്രത്യുൽപാദന ആരോഗ്യ സംരക്ഷണം എന്നീ മേഖലയിലാണ് ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ ഊന്നൽ നൽകുന്നത്. ഇന്ത്യയിൽ മുഴുവനായി 12500 ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളാണ് ആയുഷ് മന്ത്രാലയം സ്ഥാപിച്ചത്. ഇതിൽ നിലവിൽ കേരളത്തിലെ 520 ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സ്ഥാപനങ്ങളിൽ 150 സ്ഥാപനങ്ങളാണ് ഈ വർഷം എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നത്.