അരിക്കുളത്തും ചേമഞ്ചേരിയിലും ചെങ്ങോട്ടുകാവിലുമുള്‍പ്പെടെ ജില്ലയിലെ 12 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; കടുത്ത നിയന്ത്രണത്തിലേക്ക് ജില്ല


കൊയിലാണ്ടി: ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, അരിക്കുളം ഉൾപ്പടെ ജില്ലയില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കുരുവട്ടൂര്‍, കായണ്ണ, പെരുമണ്ണ, വേളം, ചേളന്നൂര്‍, തലക്കുളത്തൂര്‍, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ എന്നിവയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച മറ്റ് പഞ്ചായത്തുകൾ. കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി 25 ശതമാനത്തിനു മുകളില്‍ ഉയര്‍ന്ന പഞ്ചായത്തുകളാണിവ.

ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടരുത്.

വിവാഹം, പൊതുചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും അഞ്ചായി പരിമിതപ്പെടുത്തി.

ചടങ്ങുകളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ ഇവന്റ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യുകയും റാപ്പിഡ് റെസ്‌പോണ്‍സ് ടീം , സെക്ടറല്‍ മജിസ്‌ട്രേട്ടുമാര്‍, പൊലീസ് എന്നിവരെ അറിയിക്കേണ്ടതുമാണ്.

അനുമതിയില്ലാതെ ഒരു കൂടിച്ചേരലുകളും പാടില്ല.

അവശ്യ സര്‍വീസുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.

തൊഴിലും, ഉപജീവനമാര്‍ഗങ്ങളും
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം.

ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ രാത്രി ഏഴു വരെ മാത്രമേ അനുവദിക്കു.

രാത്രി ഒമ്പത് വരെ പാഴ്‌സല്‍ നല്‍കാം

എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ആര്‍ ആര്‍ ടികളും സെക്ടറല്‍ മജിസ്‌ട്രേട്ടുമാരും ഉറപ്പുവരുത്തണം.

പ്രോട്ടോകോള്‍ ലംഘനം ഉണ്ടായാല്‍ കുറഞ്ഞത് രണ്ടു ദിവസത്തേക്ക് സ്ഥാപനം അടച്ചിടുകയോ അല്ലെങ്കില്‍ വിഷയത്തിന്റെ ഗൗരവമനുസരിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുകയോ ചെയ്യും.