അരിക്കുളം കാരയാടില്‍ കണ്ടെത്തിയ ഗുഹയ്ക്ക് സമീപം കാല്‍ക്കുഴികളും കണ്ടെത്തി; മഹാശില സംസ്‌കാരകാലത്തെ ശവമടക്കു സമ്പ്രദായങ്ങളുമായി സമാനതകളെന്ന് പുരാവസ്തു വകുപ്പ്


അരിക്കുളം: കാരയാട് ഉമ്മിണിയത്ത് മീത്തലിൽ (കാളിയത്ത് മുക്ക്) കഴിഞ്ഞദിവസം വീടു നിർമാണത്തിന് സ്ഥലം നിരപ്പാക്കുന്നതിനിടയിൽ കണ്ടെത്തിയ ഗുഹയിൽ പുരാവസ്തുഗവേഷകർ കൂടുതൽ പരിശോധന തുടങ്ങി. വ്യാഴാഴ്ച നടത്തിയ പര്യവേക്ഷണത്തിനിടയിൽ ഗുഹയുടെ സമീപത്തായി കാൽക്കുഴികളും കണ്ടെത്തി.

മഹാശിലാസ്മാരകമായ ചെങ്കൽഗുഹയുടെ സമീപത്ത് സാധാരണയായി ഇത്തരം കുഴികൾ കാണാറുണ്ടെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന പുരാവസ്തുവകുപ്പ് ജില്ലാ ഓഫീസർ കെ. കൃഷ്ണരാജ് പറഞ്ഞു. ഇവയുടെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും അക്കാലത്തെ ശവസംസ്കാര ആചാരവുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ഇക്കഴിഞ്ഞ ജൂൺമാസം വളാഞ്ചേരി പറമ്പത്ത് കാവിൽ കണ്ടെത്തിയ ഗുഹയ്ക്ക് സമീപം നൂറോളം കാൽക്കുഴികൾ കണ്ടെത്തിയിരുന്നു. മഹാശില സംസ്കാരകാലത്തെ ശവമടക്ക സമ്പ്രദായങ്ങളുടെ സമാനതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. സംസ്ഥാന പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശന്റെ നിർദേശാനുസരണം ഗുഹ കണ്ടെത്തിയ സ്ഥലത്ത് മണ്ണ് നീക്കി വീണ്ടും പര്യവേഷണം തുടങ്ങി.

ഒന്നിലധികം അറകളുള്ള ഗുഹയാണ് അവിടെ കണ്ടത്തിയത്. സാധാരണ ഒരു അറമാത്രമെ ഇത്തരത്തിലുള്ള ഗുഹയിൽ ഉണ്ടാകാറുള്ളൂ. രണ്ടാമത്തെ അറയിലേക്കുള്ള വഴിയിലെ മണ്ണ് നീക്കി പരിശോധിക്കുന്ന പ്രവർത്തനമാണ് തുടങ്ങിയത്. രണ്ടായിരത്തിലധികംവർഷം പഴക്കമുള്ളവയാണ് ഈ ഗുഹയും അവിടെനിന്ന് കണ്ടെത്തിയ മൺപാത്രങ്ങളുമെന്നാണ് പുരാവസ്തുവകുപ്പ് ജില്ലാ ഓഫീസറും പഴശിരാജ മ്യൂസിയം ഓഫിസറുമായ കെ. കൃഷ്ണരാജ് പറയുന്നത്.

കേരളത്തിലെല്ലാസ്ഥലത്തും ഇരുമ്പായുധങ്ങളോടുകൂടിയ മഹാശില സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മിക്കയിടത്തും കുന്നിൻ ചെരിവുകളിലാണ് ഏറെ ഗുഹകളും കണ്ടെത്തിയത്. സമീപത്തായി വയൽ, തോടുകൾ എന്നിവയും ഉണ്ടാകും. മഹാശില സംസ്കാരത്തിൽ ആളുകൾ മരിച്ചുകഴിഞ്ഞാൽ അവരുടെ അസ്ഥിക്കൊപ്പം മൺപാത്രങ്ങളും ഇരുമ്പും എല്ലാം ചേർത്തിട്ട് ഗുഹ വെട്ടി ഉണ്ടാക്കി അടക്കം ചെയ്യാറുണ്ട്. പുരാവസ്തുവകുപ്പിലെ ആർട്ടിസ്റ്റ് ജീവമോൾ, മ്യൂസിയം ഗൈഡുമാരായ വി.എ. വിമൽകുമാർ, എം. ബിനോജ്, പി.ഡി. ജോയ്‌സൺ, കെ.കെ. അനൂപ് എന്നിവരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

അരിക്കുളം കാരയാടില്‍ കണ്ടെത്തിയ ഗുഹയ്ക്ക് സമീപം കാല്‍ക്കുഴികളും കണ്ടെത്തി; മഹാശില സംസ്‌കാരകാലത്തെ ശവമടക്കു സമ്പ്രദായങ്ങളുമായി സമാനതകളെന്ന് പുരാവസ്തു വകുപ്പ്