അരിക്കുളം ഊരള്ളൂരിൽ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്റഫിനെ കണ്ടെത്തി


കൊയിലാണ്ടി: അരിക്കുളം ഊരള്ളൂരിൽ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ അഷ്റഫിനെ കണ്ടെത്തി. കുന്ദമംഗലത്ത് വെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30 ഓടെ തട്ടിക്കൊണ്ടുപോയ സംഘം അഷ്റഫിനെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. ചെത്തുകടവിലെ പൂമങ്ങലത്ത് റോഡിൽ ഇറക്കിവിട്ട ഇയാൾ അടുത്തുള്ള വീടിന്റെ ഗെയ്റ്റിൽ മുട്ടി വിളിക്കുകയായിരുന്നു. വീട്ടുകാർ പോലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് കുന്നമംഗലം പോലിസെത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ഇയാൾക്ക് ദേഹത്ത് പരിക്കുകൾ ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കായി കോഴികോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയവർ കാസർഗോഡ് ഭാഷ സംസാരിക്കുന്നവരാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാളെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും.

സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് ഐപിഎസ് കൊയിലാണ്ടിയില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. വടകര ഡിവൈഎസ്പി ഷെരീഫിനായിരുന്നു അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ്, കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സംഘം അഷ്റഫിനെ ഉപേക്ഷിച്ചത്.

ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത് മീത്തൽ അഷ്‌റഫിനെ കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മാരുതി ഹെര്‍ട്ടിക കാറിലെത്തിയ അഞ്ചംഗസംഘം ബന്ധുക്കളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒന്നരമാസം മുന്‍പ് വിദേശത്തുനിന്നെത്തിയ ഇയാള്‍ സ്വര്‍ണക്കടത്തില്‍ കാരിയറായി പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന.