‘അരമണിക്കൂറില്‍ കൂടുതല്‍ കാത്തുനിര്‍ത്തിയില്ല, ജീവനക്കാരില്‍ നിന്ന് ലഭിച്ചത് ആത്മാര്‍ത്ഥമായ സഹകരണം’; കാലിക്കറ്റ് സര്‍വ്വകലാശാലയിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി


 

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലാ ജീവനക്കാരില്‍ നിന്നുള്ള ഹൃദ്യമായ അനുഭവത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലെയും ജീവനക്കാരുടെ ആത്മാര്‍ത്ഥത തനിക്ക് ഏറെ സഹായകരമായെന്ന് ശാരദക്കുട്ടി പറയുന്നു.

പല ആവശ്യങ്ങള്‍ക്കായി കാലിക്കറ്റ് സര്‍വ്വകലയുടെ ഓഫീസിലും സി.എച്ച് മുഹമ്മദ് കോയ ലൈബ്രറിയിലും കഴിഞ്ഞ മാസം പലതവണ പോകേണ്ടി വന്നു. ഉപഭോക്താക്കള്‍ക്ക് അരമണിക്കൂറില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വരാത്ത തരത്തിലാണ് ജീവനക്കാര്‍ പരസ്പരവും പുറത്ത് നിന്നുള്ളവരുമായും സഹകരിക്കുന്നതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

സാങ്കേതിക കാര്യങ്ങളില്‍ അറിവില്ലാത്തവര്‍ക്ക് ജീവനക്കാര്‍ വിഷയം കൃത്യമായി പറഞ്ഞു തരുന്നു. ഇത് വളരെ വലിയ മനസായാണ് താന്‍ കാണുന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ മുതല്‍ തൊഴിലിലെ വിട്ടുവീഴ്ചയില്ലായ്മ ആദരവോടെ മനസിലാക്കിത്തന്നുവെന്നും അലര്‍ എഴുതി.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പല ആവശ്യങ്ങള്‍ക്കായി കോഴിക്കോട് സര്‍വ്വകലാശാലാ ഓഫീസിലും സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറിയിലും കഴിഞ്ഞ മാസം പലയാവര്‍ത്തി പോകേണ്ടി വന്നു.

ഉപഭോക്താക്കള്‍ക്ക് അരമണിക്കൂറില്‍ കൂടുതല്‍ കാത്തു നില്‍ക്കേണ്ടി വരാതെയാണ് ജീവനക്കാര്‍ പരസ്പരവും പുറത്തു നിന്നുള്ളവരുമായും സഹകരിക്കുന്നത് എന്നത് നേരില്‍ ബോധ്യപ്പെടുവാന്‍ ഇടയായി

ഏറെ തിരക്കുണ്ടാകുമെന്നു വിചാരിച്ചു ചെല്ലുന്ന ദിവസങ്ങളില്‍ പോലും അമിതമായ ക്യൂവോ സമയനഷ്ടമോ അനുഭവപ്പെട്ടില്ല എന്നത് പല സര്‍വകലാശാലാ ഓഫീസുകളില്‍ പലപ്പോഴും കാത്തിരിക്കേണ്ടി വന്നിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്ക് വലിയ ആശ്വാസവും അത്ഭുതവുമായിരുന്നു.

ഓരോ ഡിപാര്‍ട്ട്‌മെന്റിലെയും ജീവനക്കാരുടെ ആത്മാര്‍ഥതയും കാര്യങ്ങള്‍ പറഞ്ഞു തന്നു സഹായിക്കുന്നതിലുള്ള ശ്രദ്ധയും അവരവര്‍ കൈകാര്യം ചെയ്യുന്ന മേഖലയിലുള്ള പരിജ്ഞാനവും കുറച്ചൊന്നുമല്ല സഹായകരമായത്.

സാങ്കേതിക കാര്യങ്ങളില്‍ തീരെ പരിജ്ഞാനമില്ലാത്ത ഒരാള്‍ക്ക് വിഷയം കൃത്യമായി പറഞ്ഞു തരാനുള്ള ക്ഷമയുണ്ടാവുക എന്നത് വളരെ വലിയ ഒരു മനസ്സായാണ് ഞാന്‍ കാണുന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ മുതല്‍ തൊഴിലിലെ വിട്ടുവീഴ്ചയില്ലായ്മ ആദരവോടെ മനസ്സിലാക്കിത്തരുന്നു.

അങ്ങനെയല്ലാത്തവര്‍ എല്ലായിടത്തുമെന്നതു പോലെ ഇവിടെയും ഉണ്ടാകാം. പക്ഷേ, പൊതുവായ ഒരനുഭവമെന്ന നിലയില്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ സമയങ്ങള്‍ ഞാന്‍ ആദരവോടെയേ ഓര്‍ക്കൂ.

നമ്മളേക്കാര്‍ അറിവുള്ളവര്‍ എല്ലായിടത്തും ഉണ്ടെന്നും അവരവരുടെ തൊഴിലില്‍ അവര്‍ തന്നെയാണ് ഗുരുക്കന്മാരെന്നും അവരുടെ മുന്നില്‍ വിനീതരാകുന്നതില്‍ ഒരു കുറവുമില്ലെന്നും ഉള്ള ഒരു ബോധ്യവും പരസ്പര ബഹുമാനവും കസ്റ്റമര്‍ക്കും കൂടിയുണ്ടായാല്‍ മതി. പൊതുസ്ഥലങ്ങളെല്ലാം എത്ര സുന്ദരമാകും.