‘അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്….’ ആ രംഗം മനസീന്ന് മായുന്നില്ല; നെഞ്ച് പിടഞ്ഞ് ‘ഉപ്പും മുളകും’ താരം നിഷ


കൊച്ചി: മലയാളികളുടെ ലച്ചുവാണ് ജൂഹി റുസ്തഗി. ‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഈ യുവതാരം ഇപ്പോൾ ജീവിത്തിലെ ഏറ്റവും സങ്കടകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

കഴിഞ്ഞ ദിവസമാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരണപ്പെട്ടത്. 56 വയസ്സായിരുന്നു. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടർന്ന് സ്‌ക്കൂട്ടറിൽ നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു.

ജൂഹി സ്കൂൾ വിദ്യാർഥിയായിരിക്കെയാണ് അച്ഛൻ രഘുവീര്‍ ശരണ്‍ റുസ്തഗി മരണപ്പെട്ടത്. തുടർന്ന് ജൂഹിയുടെയും ചേട്ടൻ ചിരാഗിന്റെയും ജീവിതം അമ്മയുടെ തണലിലായിരുന്നു. ആ തണലിടമാണ് അപ്രതീക്ഷിതമായി ജൂഹിക്ക് നഷ്ടമായിരിക്കുന്നത്.

‘‘ഒരു പാവമായിരുന്നു ജൂഹിയുടെ അമ്മ. പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത, സ്നേഹമുള്ള ആൾ…മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു. ജൂഹി ചെറുതായിരിക്കെ അച്ഛൻ മരിച്ചിരുന്നു. ഗുഡിയാ എന്നാണ് ജൂഹിയെ അമ്മ വിളിക്കുന്നത്. ‘ഉപ്പും മുളകും’ ലൊക്കേഷനിൽ എപ്പോഴും ഉണ്ടാകും. എന്നോ‍ട് ഒരുപാട് സംസാരിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പറയും.

ഒരുപാട് സ്വപ്നങ്ങളുള്ള ആളായിരുന്നു. മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ എൻജിനീയറിങ്ങിന് പഠിക്കുകയായിരുന്നു. അവന് പഠിത്തം കഴിഞ്ഞ് നല്ല ഒരു ജോലി കിട്ടണം അതാണ് നിഷാമ്മേ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നു പറയുമായിരുന്നു. എന്നെ നിഷാമ്മേ എന്നാണ് വിളിച്ചിരുന്നത്. അപ്രതീക്ഷിതമാണ് ഈ മരണം. കേട്ടത് വിശ്വസിക്കുവാനായിട്ടില്ല ഇപ്പോഴും’’. – ‘ഉപ്പും മുളകും’ പരമ്പരയിൽ ജൂഹിയുടെ അമ്മയായി അഭിനയിച്ച നിഷ സാരംഗ് ‘വനിത ഓൺലൈനോട്’ ഭാഗ്യലക്ഷ്മിയെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവച്ചു തുടങ്ങിയതിങ്ങനെ.

അവസാനം കണ്ടത്

മരിക്കുന്നതിന് നാല് ദിവസം മുൻപാണ് ഭാഗ്യലക്ഷ്മിയെ അവസാനം കണ്ടത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിൽ എനിക്കൊപ്പം ജൂഹിയുമുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ എനിക്കും വലിയ സന്തോഷമായി. വിശേഷങ്ങൾ പറഞ്ഞു, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു…

ഞാൻ ഉറങ്ങിയിട്ട് രണ്ടു ദിവസമായി. ഇന്നലെയും മിനിഞ്ഞാന്നുമൊന്നും എനിക്കുറങ്ങാനേ പറ്റിയിട്ടില്ല. കണ്ണടയ്ക്കുമ്പോള്‍ ആ രംഗങ്ങളാണ് മനസ്സിൽ.

‘ഉപ്പും മുളകും’ കാലത്ത് ഞങ്ങൾ ഒന്നിച്ച് ഷൂട്ടിങ്ങിനുള്ള സമയത്ത് എന്റെ ബാഗ് സൂക്ഷിക്കുന്നത് ഭാഗ്യലക്ഷ്മിയാണ്. അവസാനം കണ്ടപ്പോഴും എന്റെ കയ്യിൽ നിന്നു ബാഗ് വാങ്ങി സൂക്ഷിച്ചു പിടിച്ചു. തിരിച്ചു തരാൻ നേരം ഒപ്പമുണ്ടായിരുന്ന പാറുക്കുട്ടിയുടെ അമ്മ ഗംഗയോട്, ‘എവിടെപ്പോയാലും നിഷാമ്മേടെ ബാഗ് ഞാനാ പിടിക്കണേ… അതൊരു ശീലമാ…അല്ലേ നിഷാമ്മേ…’’ എന്നു പറയുകയും ചെയ്തു. നിഷാമ്മേ എന്ന ആ വിളിയിൽ നിറയെ സ്നേഹമായിരുന്നു. അതൊന്നും എന്റെ മനസ്സിൽ നിന്നു പോകുന്നേയില്ല. ഇപ്പോൾ പറയുമ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണ്. എനിക്കിനി ആ വിളി കേൾക്കാനാകില്ലല്ലോ…

ആ നോട്ടം

ഭാഗ്യലക്ഷ്മിയെ അവസാനമായി ഒരു നോക്കു കാണാൻ ചെന്നപ്പോൾ ജൂഹി എന്നെ നോക്കിയ ഒരു നോട്ടമുണ്ട്….എന്റെ നെഞ്ച് പിടഞ്ഞു പോയി. ‘എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടം’ എന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയുമായിരുന്നു. അതൊക്കെ അപ്പോൾ എന്റെ മനസ്സിൽ വന്നു.

തിരിച്ച് വന്ന ശേഷവും ഞാനതിന്റെ ഞെട്ടലിലായിരുന്നു. ‘എന്തിനാ ആലോചിച്ചിരിക്കുന്നേ. അമ്മ ഉറങ്ങ്…’ എന്ന് മക്കൾ പറഞ്ഞെങ്കിലും എനിക്ക് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. രണ്ട് ദിവസമായി ഞാൻ ഉറങ്ങിയിട്ട്…ഒരു വല്ലാത്ത മരണമായിപ്പോയി…

ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു