അമ്മ
മോഹനൻ നടുവത്തൂർ
വെയിലിൽ ഉരുകി
ചേറിൽ വിയർപ്പുമണികളിട്ട്
വിളയിച്ച്
ആരുടെയൊക്കെയോ
അറകൾ നിറച്ച്
അര മുറുക്കി
അന്തിക്ക്
കരിന്തിരി കരയുന്ന
വിളക്കിനു ചാരെ
തളർന്നു മയങ്ങിയവൾ.
ഒരു വറ്റു പോലും
ശേഷിക്കാത്ത കലം
ഇരുണ്ട മുഖമുയർത്തി
അമ്മയെ നോക്കി കരഞ്ഞു.
വയറു കത്തുമ്പോഴും
അമ്മ പാടുമായിരുന്നു.
ഞങ്ങളുടെ വാടിയമേനി
നെഞ്ചോടുചേർക്കുമായിരുന്നു
വെളിച്ചത്തിന്റെ തരിവീണ്
അമ്മയുടെ കൺപീലിയിൽ
വൈരക്കല്ലുകൾ പിറക്കുമായിരുന്നു
മരങ്ങൾ നട്ടിട്ടും
വെയിലിലായവൾ.
തണുപ്പിലൊരു
പുതപ്പു പോലുമാകാൻ –
കഴിഞ്ഞില്ലല്ലോയെന്ന വിങ്ങൽ
ഉള്ളിനെ നീറ്റുന്നു.