അമ്പായത്തോട്ടില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച സംഭവം; രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്


കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച സംഭവത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്. 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ഉടമസ്ഥന്‍ റോഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ഉടമയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ യുവതി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കൈക്കും മുഖത്തും പരിക്കേറ്റ ഫൈസിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്ക് ഉടമയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്.

യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

താമരശേരിയില്‍ അമ്പായത്തോട്ടില്‍ വളര്‍ത്തുനായ്ക്കള്‍ ജോലിക്ക് പോവുകയായിരുന്ന യുവതിയെ അക്രമിക്കുകയായിരുന്നു. നായ്ക്കള്‍ യുവതിയെ കടിച്ചുകീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു