അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസ്സി പിഎസ്ജിയിൽ, ഇനി നെയ്മറിനും റാമോസിനും എംബപ്പെയ്ക്കുമൊപ്പം പന്തുതട്ടും
കോഴിക്കോട്: സ്പാനിഷ് ക്ലബ് ബാർസിലോന വിട്ട ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്നു. രണ്ടു വർഷത്തെ കരാറിലാണ് മുപ്പത്തിനാലുകാരനായ മെസ്സി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കിൽ കരാർ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്.
ഇതോടെ, ബാർസിലോനയിൽ സഹതാരവും അടുത്ത സുഹൃത്തുമായ ബ്രസീൽ താരം നെയ്മർ, ബാർസയുടെ ബദ്ധവൈരികളായ റയൽ മഡ്രിഡിൽ കളിച്ചിരുന്ന സ്പാനിഷ് താരം സെർജിയോ റാമോസ്, പുതു തലമുറയിലെ സൂപ്പർ താരം കിലിയൻ എംബപ്പെ, അർജന്റീന ടീമിൽ സഹതാരമായ എയ്ഞ്ചൽ ഡി മരിയ എന്നിവർക്കൊപ്പം മെസ്സി ഈ സീസണിൽ പന്തു തട്ടും.
21 വർഷമായി ബാർസിലോനയ്ക്കായി കളിക്കുന്ന ലയണൽ മെസ്സി, അപ്രതീക്ഷിതമായാണ് ടീം വിട്ടത്. മെസ്സിയുമായുള്ള കരാർ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ താരം ടീമിൽ തുടരില്ലെന്ന് ബാർസയാണ് ആദ്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കണ്ണീരോടെ മെസ്സി ബാർസ വിടുന്ന കാര്യം പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം താരം ടീം വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, പിന്നീട് ബാർസയ്ക്കൊപ്പം തുടരാൻ മെസ്സി തീരുമാനിക്കുകയായിരുന്നു. ഈ വർഷം ബാർസയിൽ തുടരാൻ പ്രതിഫലം പകുതിയാക്കി കുറയ്ക്കാൻ മെസ്സി തയാറായെങ്കിലും, ലാ ലിഗയിലെ സാമ്പത്തി, ചട്ടങ്ങൾ തിരിച്ചടിയായി.
മെസ്സിയുമായി കരാറിലാകുന്ന കാര്യം ക്ലബ് ഇന്നു പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ടായിരുന്നു. പാരിസിലെ പ്രശസ്തമായ ഐഫൽ ടവർ ദീപാലങ്കാരം നടത്താൻ ക്ലബ് ബുക്ക് ചെയ്തുവെന്ന റിപ്പോർട്ടുകൾ വന്നതോടെ, മെസ്സിയെ വരവേൽക്കാൻ ഒട്ടേറെ ആരാധകർ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നു.