അബുദാബി കെ.എം.സി.സി കായിക മാധ്യമ പുരസ്‌ക്കാരം കമാല്‍ വരദൂരിന്
അബുദാബി: പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ കായികാവലോകന മികവിന് അബുദാബി കെ.എം.സി.സി നല്‍കുന്ന കായിക മാധ്യമ പുരസ്‌ക്കാരത്തിന് കമാല്‍ വരദൂർ അർഹനായി. ടോക്കിയോവില്‍ സമാപിച്ച 32-ാമത് ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള പോയ വര്‍ഷത്തെ കായിക സംഭവങ്ങളെ അധികരിച്ച് നടത്തിയ അവലോകന മികവ് വിലയിരുത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്മാരായ ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, കാലിക്കറ്റ് വാഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ.വി.പി സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങുന്ന ജൂറിയാണ്
അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
50,000 രൂപയും പ്രശസ്തി പത്രവും അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ്‌കുഞ്ഞി, ട്രഷറർ പികെ അഹമ്മദ്
എന്നിവർ വ്യക്തമാക്കി.
കായിക മാധ്യമ രംഗത്ത് രണ്ടര ദശകങ്ങളുടെ അനുഭവസമ്പത്തുള്ള കമാല്‍ നിലവിൽ ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കൂടിയാണ്. ഇന്ത്യന്‍ കായിക മാധ്യമ പ്രവര്‍ത്തകരില്‍ കമാൽ ചിരപരിചിതനാണ്. മൂന്ന് ഒളിംപിക്‌സ്, രണ്ട് ഫുട്‌ബോള്‍ ലോകകപ്പുകള്‍, മൂന്ന് ഏഷ്യന്‍ ഗെയിംസുകള്‍ ഉള്‍പ്പെടെ നിരവധി രാജ്യാന്തര കായിക മാമാങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ബി.ബി.സിയുടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജൂറി അംഗമാണ്.