അബുദാബിയിലേക്ക് മടങ്ങാം;കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും നാളെ മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും
കോഴിക്കോട്: കൊച്ചിയും തിരുവവനന്തപുരവും ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങളില്‍ നിന്ന് ശനിയാഴ്‍ച മുതല്‍ അബുദാബിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കും. വ്യാഴാഴ്‍ച മുതല്‍ തന്നെ ദുബൈയിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാനങ്ങള്‍ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും അബുദാബി സര്‍വീസുകള്‍ ആരംഭിച്ചിരുന്നില്ല.
ഓഗസ്റ്റ് 10 വരെ അബുദാബിയിലേക്ക് സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ഏഴാം തീയ്യതി മുതല്‍ ചില നഗരങ്ങളില്‍ നിന്ന് വിമാനങ്ങളുണ്ടാകുമെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ചെന്നൈ, ബംഗളുരു, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് ഏഴാം തീയ്യതി മുതല്‍ സര്‍വീസ് തുടങ്ങുന്നത്.
ഓഗസ്റ്റ് പത്ത് മുതല്‍ അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, ധാക്ക, കൊളംബോ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുകൂടി അബുദാബി സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദിന്റെ അറിയിപ്പില്‍ പറയുന്നു. അബുദാബിയിലെത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇവര്‍ വിമാനത്താവളത്തില്‍ വെച്ചുതന്നെ ട്രാക്കിങ് ബാന്‍ഡ് ധരിക്കണം. അബുദാബിയിലെത്തിയതിന്റെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. യാത്രയ്‍ക്ക് ഐ.സി.എ അനുമതിയും 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്.