അപ്രതീക്ഷിത പേമാരിയില്‍ വിറങ്ങലിച്ച് കേരളം: ഒമ്പത് മരണം, ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി


തിരുവനന്തപുരം: മഴക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ദുരിതം പെയ്തിറങ്ങി. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള വന്‍നാശനഷ്ടങ്ങള്‍ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപതോളം പേരെ കാണാതായി.

കോട്ടയം

മഴക്കെടുതിയില്‍ വന്‍ദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കന്‍മേഖല വെള്ളത്തിലായി. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

വ്യോമസേനയുടെ ഉള്‍പ്പെടെയുള്ള സഹായം കൂട്ടിക്കല്‍ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ സഹകരണവകുപ്പു മന്ത്രി വി.എന്‍. വാസവന്‍ സ്ഥലത്തെത്തി. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

ഇടുക്കി

കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടലുണ്ടായി. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടി ഏഴ് പേരെ കാണാതായി. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയി.

ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എത്ര പേര്‍ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ യുവതിയും യുവാവുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ നിഖില്‍, ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുമാണ് മരിച്ചത്.

ജില്ലയില്‍ ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം ഇടുക്കി അണക്കെട്ട് ആണ്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചേക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്.

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ തെക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറിലും ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണമ്മൂലയില്‍ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്.

പത്തനംതിട്ട

വെള്ളപ്പൊക്കം മണ്ണിടിച്ചില്‍ സാധ്യതകളെ തുടര്‍ന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. ഞായർ, തിങ്കള്‍‌ ദിവസങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഗൗരവതരമായ സാഹചര്യം- മുഖ്യമന്ത്രി

സംസ്ഥാനത്ത് ഗൗരവതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു.

കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.