അപ്പോ എന്തായാലും കാണാം!; ബാലുശ്ശേരിയില്‍ ധര്‍മ്മജനും സച്ചിനും നേര്‍ക്ക് നേര്‍ കണ്ടപ്പോള്‍
ബാലുശ്ശേരി: പ്രധാനപ്പെട്ട കുറച്ച് സീറ്റുകളൊഴിച്ചാല്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വിജയ പ്രതീക്ഷയില്‍ മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകള്‍ സാധാരണമാണെങ്കിലും സ്ഥാനാര്‍ത്ഥികള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ അതൊന്നും പ്രതിഫലിക്കാറില്ല. അത്തരമൊരു കാഴ്ച്ചയാണ് ബാലുശേരിയില്‍.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മണ്ഡലത്തിലിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സിപിഐഎം സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവും കണ്ടുമുട്ടുകയായിരുന്നു. ചിരിച്ചുകൊണ്ട് ഇരുവരും ഷേക്ക് ഹാന്‍ഡ് കൈമാറി വിജയാശംസകള്‍ നേര്‍ന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബാലുശ്ശേരിയിലേക്ക് താമസം മാറിയ ധര്‍മ്മജന്റെ താമസ സൗകര്യത്തെകുറിച്ചെല്ലാം സച്ചിന്‍ അന്വേഷിച്ചു. ഒടുവില്‍ വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഇരുവരും പിരിയുന്നത്.
നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്.
ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ വിജയ പ്രതീക്ഷയിലാണ് ധര്‍മ്മജന്‍.