അപരിചിതനെ കാറില്‍ കയറ്റി കടലു കാണാന്‍ പോയി; പുലിവാലുപിടിച്ച് പേരാമ്പ്ര സ്വദേശികളായ നാലംഗ കുടുംബം


കോഴിക്കോട്: യാത്രക്കിടെ ഭക്ഷണം കഴിക്കുമ്പോള്‍ പരിചയപ്പെട്ട അപരിചിതനെ കാറില്‍ കയറ്റി പുലിവാലു പിടിച്ച് ഗര്‍ഭിണിയും കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബം. കോഴിക്കോട് നഗരത്തിലാണ് കഴിഞ്ഞദിവസം അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

പേരാമ്പ്രയില്‍ നിന്നും കോഴിക്കോട് നഗരത്തില്‍ ഡോക്ടറെ കാണാന്‍ എത്തിയ കുടുംബമാണ് അജ്ഞാതനെ കാറില്‍ക്കയറ്റി പൊല്ലാപ്പിലായത്. ഭര്‍ത്താവും ഗര്‍ഭിണിയായ ഭാര്യയും 13 വയസുള്ള പെണ്‍കുട്ടിയും ഒമ്പത് വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നതായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം രാത്രിയില്‍ രാമനാട്ടുകരയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണാന്‍ എത്തിയ കുടുംബം രാമനാട്ടുകരയില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഒരാളെ പരിചയപ്പെടുന്നു. മിനിട്ടുകള്‍ക്കകം ഈ പരിചയം ഗൃഹനാഥനുമായുള്ള ആത്മബന്ധമായി വളരുന്നു.

തുടര്‍ന്ന് ഈ പരിചയപ്പെട്ടയാളിനെയും കാറില്‍ ഒപ്പം കയറ്റി കുടുംബം കടല്‍ കാണാനായി ബേപ്പൂര്‍ പുലിമുട്ടിലേക്കു പോകുന്നു. ഗര്‍ഭിണിയായ ഭാര്യയും കുട്ടികളും കടല്‍ക്കരയില്‍ നില്‍ക്കുന്നു. ഇതിനിടെ ഗൃഹനാഥനും ഒപ്പം കയറിയയാളും കാറിലിരുന്നു മദ്യപിക്കുന്നു.

ലഹരി തലയ്ക്കു പിടിച്ചതോടെ കുടുംബം നഗരത്തിലേക്കു തിരിച്ചുവരുന്നു. ഇതിനിടെ കാറിലെ അതിഥിയും ഗൃഹനാഥനും തമ്മില്‍ വാക്കേറ്റം മൂര്‍ച്ഛിക്കുന്നു. ഒടുവില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഗൃഹനാഥന്‍ ഇയാളെ തല്ലാനൊരുങ്ങുന്നു, ഇതോടെ ഉന്തുംതള്ളും ബഹളവുമായി നാട്ടുകാര്‍ ഇടപെടുന്നു. സംഭവം കൊഴുക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിയും രണ്ടു കുട്ടികളും കാറില്‍ അന്തംവിട്ടിരിക്കുകയായിരുന്നു.

കയ്യാങ്കളിക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാറിലെ അതിഥിയെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് വിവരം അറിഞ്ഞ് പൊലീസെത്തി കാറിലുള്ളവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഈ സമയം നടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ പൂസായിരുന്നു ഗൃഹനാഥനും കാറിലെ അതിഥിയും. അതോടെ ഭാര്യയും കുട്ടികളും എന്തു ചെയ്യണമെന്നറിയാതെ സ്റ്റേഷനില്‍ത്തന്നെ ഇരുന്നു. ഇതോടെ ഗര്‍ഭിണിയായ യുവതിയെയും പെണ്‍കുട്ടിയെയും പൊലീസ് സാമൂഹിക നീതി വകുപ്പിന്റെ സഖി സെന്ററിലേക്കും ആണ്‍കുട്ടിയെ ബോയ്സ് സെന്ററിലേക്കും മാറ്റി. തുടര്‍ന്ന് രാവിലെ മദ്യലഹരിയില്‍നിന്ന് മുക്തനായ ഗൃഹനാഥനു ബോധവല്‍ക്കരണം നല്‍കിയ ശേഷം കുടുംബത്തിന് അരികിലേക്ക് എത്തിച്ചു. തുടര്‍ന്ന് കുടുംബം സ്വന്തം വീട്ടിലേക്കു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.