അപകടാവസ്ഥയിലായ കൂരാച്ചുണ്ടിലെ കുറുവത്താഴ പാലം പുതുക്കി പണിയണം; സിപിഐ പാലത്തില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ കുറുവത്താഴ പാലം പുതുക്കി പണിയണമെന്ന് സി.പി.ഐ. അപകടാവസ്ഥയിലായ പാലം പുതുക്കി പണിയാത്ത പഞ്ചായത്ത് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റി പാലത്തില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. പാലം അപകടത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

40 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പാലത്തിലൂടെയാണ് കാപ്പാട്ട്കുന്ന് നിവാസികള്‍ യാത്ര ചെയ്യുന്നത്. നിരവധി വാഹനങ്ങള്‍ ഈ പാലം വഴി കടന്നു പോകുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങള്‍ പാലം വഴിപോകുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. പാലത്തിന്റെ അടിവശത്തെ കല്ലുകള്‍ ഇളകി കിടക്കുന്ന അവസ്ഥയിലാണ്. സ്ലാബ് താങ്ങി നിര്‍ത്തുന്ന കല്ലുകള്‍ ഇളകിപ്പോയാല്‍ അപകടം ഉറപ്പാണ്.

പാലം പണി കഴിയുന്നത് വരെ ഈ റോഡ് വഴി ഗതാഗതം നിരോധിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എ.കെ.പ്രേമന്‍, ടി കെ ശിവദാസന്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.