അപകടാവസ്ഥയിലായ കക്കയം ഡാം സൈറ്റ് റോഡിന് കല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് 80 ലക്ഷം രൂപ


കൂരാച്ചുണ്ട്: അപകടാവസ്ഥയിലായ കക്കയം ഡാം സൈറ്റ് റോഡിന് കല്‍ഭിത്തി നിര്‍മിക്കുന്നതിനായി 80 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സച്ചിന്‍ദേവ് എം.എല്‍.എ അറിയിച്ചു. മഴയില്‍ തകര്‍ന്ന കക്കയം ഡാം സൈറ്റ് റോഡ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. റോഡ് പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ടെന്നും ഇപ്പോള്‍ റോഡ് ഇടിഞ്ഞഭാഗം ആറുലക്ഷംരൂപ ചെലവഴിച്ച് അടിയന്തരമായി ഗതാഗത യോഗ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു.

റോഡിന്റെ അപകടാവസ്ഥ കണക്കിലെടുത്താണ് കല്‍ഭിത്തി നിര്‍മിക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. ഉടന്‍തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണി ആരംഭിക്കും. ഡാം സൈറ്റ് റോഡ് റീബില്‍ഡ് കേരളയിലും കിഫ്ബിയിലും ഉള്‍പ്പെടുത്തിക്കൊണ്ട് പുനര്‍നിര്‍മിക്കുന്നതിനായി 50 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സച്ചിന്‍ദേവ് എം.എല്‍.എ. പറഞ്ഞു.