അപകടങ്ങൾ ഇനിയും ഉണ്ടായേക്കാം; മിഠായിത്തെരുവിൽ തീപിടിത്തത്തിനുള്ള സാഹചര്യം നിലനിൽക്കുന്നതായി പരിശോധനാ റിപ്പോർട്ട്
കോഴിക്കോട്: മിഠായി തെരുവില്‍ തീപിടിത്ത സാഹചര്യം നിലനില്‍ക്കുന്നതായി പരിശോധന റിപ്പോര്‍ട്ട്. മിഠായിതെരുവിലെ തീപിടിത്തത്തെ കുറിച്ചുള്ള പൊലീസ് സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നേരത്തെ അപകടം ഉണ്ടായ അതേ സാഹചര്യം തന്നെ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. പല കടകളിലും അളവില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. കോണിപ്പടികളിലും വരാന്തകളിലുമടക്കം സാധന സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യുന്നു.
കടമുറികള്‍ തമ്മില്‍ അകലമില്ലാത്തത് തീപിടിത്തം പോലുള്ള അപകടങ്ങളുടെ ആഘാതം കൂട്ടും. പല കെട്ടിടങ്ങളിലും ഫയര്‍ എക്‌സിറ്റുകളില്ല. ഒരു പ്ലഗ് പോയിന്റില്‍ നിന്നും നിരവധി വയറുകളുപയോഗിച്ചാണ് വൈദ്യുതി എടുക്കുന്നത്. വയറിംഗുകള്‍ പലതും പഴക്കമേറിയതിനാല്‍ അപകടാവസ്ഥയിലാണ്. ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ പോലുള്ള സംവിധാനള്‍ കുറവാണ്. കടമുറികളില്‍ ജീവനക്കാര്‍ പാചകം ചെയ്യുന്നത് അപകടത്തിന് കാരണമാകും.
ഈ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അത്യാഹിതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. സെപ്തംബര്‍ 10 നുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ ഉമേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷനും കൈമാറും.
മിഠായി തെരുവിലെ കടമുറികള്‍ സംയുക്തമായി പുതുക്കി പണിയുന്നത് സംബന്ധിച്ച് ഒരു പദ്ധതി നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗികമാക്കുന്നതിന് മുന്‍കൈ ഉണ്ടായില്ല. കോഴിക്കോട്ടെ ഷോപ്പിങ് അനുഭവത്തില്‍ ഏറ്റവും വലിയ ആകര്‍ഷണമായ തെരുവിനെ ആധുനിക രീതിയില്‍ പാരമ്പര്യ ഭംഗി നിലനിര്‍ത്തിക്കൊണ്ട് പുതുക്കുക എന്നതായിരുന്നു പദ്ധതി.
മിഠായി തെരു നവീകരണം തന്നെയും വ്യാപാരികളുടെ ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇതിനെ ഇഛാശക്തിയോടെ നേരിട്ടാണ് ഇപ്പോഴത്തെ പരിഷ്‌കരണങ്ങള്‍ സാധ്യമാക്കിയത്. താത്കാലിക രാഷ്ട്രീയ സമ്മര്‍ദ്ദ പ്രശ്‌നങ്ങളില്‍ ഇത്തരം പരിഷ്‌കരണങ്ങള്‍ നീട്ടിവെക്കുന്നത് ദുരന്തങ്ങളിലേക്ക് നയിക്കയും ചെയ്യുന്നു.