അപകടകരമായ രീതിയില്‍ വാഹനമോടിച്ചാലും, വണ്ടിക്ക് രൂപമാറ്റം വരുത്തിയാലും പണിയുറപ്പ്; ഓപ്പറേഷന്‍ റാഷ് ഡ്രൈവില്‍ ജില്ലയില്‍ കുടുങ്ങിയത് 75 പേര്‍
കോഴിക്കോട്: അമിതവേഗത്തിൽ പായുന്നവരെയും അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളെയും പിടികൂടാൻ മോട്ടർ വാഹനവകുപ്പ് നടത്തിയ ഓപ്പറേഷൻ റാഷ് ഡ്രൈവിൽ 75 കേസുകൾ റജിസ്റ്റർ ചെയ്തു. എൻഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞയാഴ്ച നടത്തിയ ഓപ്പറേഷനിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
അമിതവേഗം, അപകടകരമായ ഡ്രൈവിങ്, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ എന്നിവയ്ക്കെതിരെയാണ് കൂടുതൽ നടപടികളും. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത, അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന്റെ വിഡിയോകളും പരിശോധിച്ചു. ഇവരിൽ ചിലർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ സൈലൻസർ മാറ്റിയ ഒട്ടേറെപ്പേർക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി നടത്തിയ ക്യാംപെയ്നിൽ കോഴിക്കോട് ജില്ലയിൽ താരതമ്യേന കുറച്ചു പേർക്കെതിരെ മാത്രമേ കേസെടുക്കേണ്ടി വന്നിട്ടുള്ളൂ. കഴിഞ്ഞയാഴ്ച വിവിധ നിയമലംഘനങ്ങൾക്കെതിരെ ആകെ 864 കേസുകളാണ് എൻഫോഴ്സ്മെന്റ് വിഭാഗം എടുത്തത്. 7.5 ലക്ഷം രൂപ പിഴയീടാക്കി. എൻഫോഴ്സ്മെന്റ് ആർടിഒ ഷൈനി മാത്യുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ 8 സ്ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്.