അദാനി ഗ്രൂപ്പ് കൊയിലാണ്ടിയിലേക്ക്; നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണ ടെന്‍ഡര്‍ ഊരാളുങ്കലിനെ മറികടന്ന് അദാനി ഗ്രൂപ്പിന് ലഭിച്ചെന്ന് വിവരം


സ്വന്തം ലേഖകന്‍

കൊയിലാണ്ടി: നിര്‍ദ്ദിഷ്ട നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്തത് ദേശീയ തലത്തില്‍ പ്രശസ്തമായ അദാനി ഗ്രൂപ്പാണെന്ന് വിവരം. ബൈപ്പാസ് നിര്‍മ്മാണം ടെണ്ടര്‍ ചെയ്തപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും പങ്കെടുത്തിരുന്നു. ഇവരെ പിന്തളളിയാണ് അദാനി ഗ്രൂപ്പ് പ്രവൃത്തി ഏറ്റെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. എന്നാല്‍ ടെണ്ടര്‍ നടപടികളെ കുറിച്ച് ഔദ്യോഗിക വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

11.860 കി.മീറ്റര്‍ നീളത്തിലുള്ള നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ 45 മീറ്ററിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. സര്‍വ്വീസ് റോഡോട് കൂടി ആറ് വരി പാതയാണ് പാത നിര്‍മ്മിക്കുക. ഒരു വരിക്ക് 3.50 മീറ്റര്‍ വീതിയാണ് ഉണ്ടാവുക. സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. സ്ഥലം നഷ്ട്ടപ്പെടുന്നവര്‍ ഭൂരിപക്ഷവും ഭൂരേഖകളെല്ലാം റവന്യു അധികൃതര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി അളവുകളും പൂര്‍ത്തിയായി. ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് ഉള്‍പ്പെടെ വെങ്ങളം മുതല്‍ അഴിയൂര്‍ വരെയാണ് ദേശീയ പാതാ നിര്‍മ്മാണം ടെണ്ടര്‍ ചെയ്തത്. വെങ്ങളം മുതല്‍ അഴിയൂര്‍ വരെ 40.800 കിലോമീറ്റര്‍ ദൂരം നിര്‍മ്മാണത്തിനായി 1382.56 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിരിക്കുന്നത്. നിര്‍മ്മാണത്തിനു മാത്രമായാണ് ഇത്രയും തുക ചെലവിടുക.

സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ക്രമങ്ങളുടെ കുരുക്കഴിച്ച് വേഗം കൂട്ടിയത് കൊണ്ടാണ് വേഗത്തില്‍ തന്നെ പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്ന ഘട്ടത്തിലേക്കെത്തിയത്. കേരളത്തിലെ ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കലിനായി ആകെ വരുന്ന തുകയുടെ നാലിലൊന്നായ 5374 കോടി രൂപ കിഫ്ബി വഴിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കലിനായി പണം കൈമാറുന്ന ഘട്ടം വരെയുള്ള 90 ശതമാനം നടപടിക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഴിയൂര്‍, ഇരിങ്ങല്‍ ഭാഗങ്ങളിലെ നിരവധി പേര്‍ക്ക് ഇതിനോടകം നഷ്ടപരിഹാര തുക നല്‍കി കഴിഞ്ഞു.

വെങ്ങളംമുതല്‍ അഴിയൂര്‍ വരെ നാല് മേഖലകളായി തിരിച്ചാണ് റോഡ് നിര്‍മ്മിക്കുക. വെങ്ങളം മുതല്‍ ചെങ്ങോട്ടുകാവ് ബൈപ്പാസ് തുടങ്ങുന്നതു വരെ 4.700 കി.മീറ്റര്‍ നീളം ഉണ്ടാവും. ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെ ബൈപ്പാസിന് 11.860 കി.മീറ്റര്‍ നീളമുണ്ടാവും.തുടര്‍ന്ന് നന്തി മുതല്‍ മൂരാട് വരെ 10.940 കി.മീറ്ററും,പാലോളിപ്പാലം മുതല്‍ അഴിയൂര്‍ വരെ 13.300 കി.മീറ്ററും പാതയ്ക്ക് നീളമുണ്ട്. മൂരാട് പാലവും പാലോളിപ്പാലവും അതിനിടയിലുള്ള 2.100 കി.മീറ്റര്‍ ദൂരവും വരുന്ന ആറ് വരി പാത നിര്‍മ്മാണത്തിന് 69.5 കോടി രൂപയാണ് കണക്കാക്കിയത്. ഈ പ്രവൃത്തി നേരത്തെ ടെണ്ടര്‍ ചെയ്തിട്ടുണ്ട്.