അത്തോളി സ്വദേശികള്‍ പ്രതികളായ കൂട്ടബലാത്സംഗം: ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്; പ്രതികളെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ ഇടപെടല്‍
കോഴിക്കോട്: മദ്യവും ലഹരിമരുന്നും നല്‍കി പീഡിപ്പിച്ചതിനു ശേഷം അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പ്രതികളെയാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ 48 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പൊലീസ് പിടികൂടിയത് എങ്ങനെയാണ്? കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച ആ കേസില്‍ സംഭവിച്ചതെന്താണ്?
കോഴിക്കോട് എത്തിച്ചത് ടിക്ടോക് സൗഹൃദം
ചെന്നൈയില്‍ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവതിയെ അത്തോളി സ്വദേശി കെ.എം.അജ്‌നാസ് (36) രണ്ടു വര്‍ഷം മുന്‍പ് ടിക്ക് ടോക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാം വഴി സന്ദേശം അയച്ച് ഇരുവരും അടുപ്പത്തിലായി. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി അജ്‌നാസ് ക്ഷണിച്ചത് അനുസരിച്ചാണ് സെപ്റ്റംബര്‍ 8നു ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട് എത്തിയത്. റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ അജ്‌നാസും സുഹൃത്ത് എന്‍.പി. ഫഹദും (36) ചേര്‍ന്നു കാറില്‍ ചേവരമ്പലത്തെ ഹോട്ടലില്‍ എത്തിച്ചു. അപാര്‍ട്ട്‌മെന്റ് മാതൃകയില്‍ പണിത ഈ കെട്ടിടം ഓണ്‍ലൈന്‍ റൂം ബുക്കിങ് ഗ്രൂപ്പുകള്‍ ഏറ്റെടുത്തു ഹോട്ടലായി നടത്തുന്നതാണ്. ഇവിടെ അജ്‌നാസ് മുറി ബുക്ക് ചെയ്തിരുന്നു.
യുവതിയെത്തും മുന്‍പ് 2 പ്രതികള്‍ ഹോട്ടലില്‍
ചേവരമ്പലത്തെ ഹോട്ടലില്‍ വൈകിട്ട് അജ്‌നാസും ഫഹദും യുവതിയുമായി എത്തുന്നതിനു മുന്‍പു തന്നെ അജ്‌നാസിന്റെ സുഹൃത്തുക്കളായ ഷുഹൈബ് (39), ലിജാസ് (34) എന്നിവര്‍ എത്തിയിരുന്നു. അജ്‌നാസ് ബുക്ക് ചെയ്ത മുറിയുടെ നേരേ എതിര്‍വശത്തുള്ള മുറിയാണ് ഇവരെടുത്തത്. വൈകിട്ട് അജ്‌നാസും ഫഹദും യുവതിയുമായി ഹോട്ടലിലെത്തി. അജ്‌നാസും യുവതിയും മുറിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തിരിച്ചുപോവുകയാണെന്ന ഭാവത്തില്‍ അവിടെ നിന്നിറങ്ങിയ ഫഹദ് അല്‍പസമയത്തിനു ശേഷം എതിര്‍വശത്തുള്ള സുഹൃത്തുക്കളുടെ മുറിയിലെത്തി. രാത്രി ഒന്‍പതോടെ വീട്ടില്‍ അത്യാവശ്യമായി പോകേണ്ട കാര്യമുണ്ടെന്നു യുവതിയോടു പറഞ്ഞു അജ്‌നാസ് മുറിയില്‍ നിന്നിറങ്ങി. പിന്നാലെ യുവതിയുടെ മുറിയിലേക്ക് ഫഹദും ഷുഹൈബും ലിജാസും അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
നടന്നത് ക്രൂരപീഡനം
മൂന്നു പേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ മൊഴി. ബീയര്‍ കുടിപ്പിക്കുകയും ലഹരിമരുന്ന് പുരട്ടിയ സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതോടെ അര്‍ധബോധാവസ്ഥയിലായി. കെട്ടിടത്തിന്റെ റൂഫ് ടോപ്പില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അന്നു രാത്രി ഹോട്ടലില്‍ ഈ രണ്ടു മുറികളില്‍ മാത്രമേ ആളുണ്ടായിരുന്നുള്ളൂവെന്നു പൊലീസ് പറയുന്നു. സമീപത്തെ വീട്ടില്‍ താമസിക്കുന്ന കെയര്‍ടേക്കര്‍ രാത്രിയായപ്പോള്‍ വീട്ടിലേക്കു പോയി.
സാധാരണ രാത്രികളില്‍ ഇവിടെ മുറികളില്‍ ആളുണ്ടാവാറില്ലെന്നും പൊലീസ് പറയുന്നു. രാവിലെ മുറികള്‍ എടുക്കുന്നവര്‍ വൈകിട്ടോടെ മുറി ഒഴിയുന്നതാണ് പതിവ്. ഹോട്ടല്‍ കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ക്കും പരാതിയുണ്ട്. രാത്രിയില്‍ ഹോട്ടലില്‍നിന്നു യുവതിയുടെ കരച്ചില്‍ കേട്ടിരുന്നുവെന്നും എന്നാല്‍ അത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുള്ളതിനാലാണ് ഗൗനിക്കാത്തത് എന്നുമാണു സമീപത്തെ താമസക്കാരന്‍ പൊലീസിനു നല്‍കിയ മൊഴി.
ആശുപത്രിയിലെത്തിച്ചു പ്രതികള്‍ മുങ്ങി
ക്രൂരമായ പീഡനത്തിനിടെ യുവതിക്കു പല തവണ ശ്വാസതടസ്സമുണ്ടായി. ബീയറും ലഹരിമരുന്നും ഉള്ളിലെത്തിയതോടെ അര്‍ധബോധാവസ്ഥയിലായിരുന്നു യുവതി. ഇതിനൊപ്പം ശ്വാസതടസ്സം കൂടിയായതോടെ നില ഗുരുതരമായി. പരിഭ്രാന്തരായ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം രക്ഷപ്പെട്ടു. പരിശോധിക്കാനെത്തിയ ഡോക്ടറോടാണ് യുവതി ക്രൂരമായ പീഡനത്തിന്റെ വിവരം പങ്കുവച്ചത്. ആശുപത്രി അധികൃതര്‍ വ്യാഴാഴ്ച രാവിലെ വിവരം പൊലീസില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ചേവായൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയോടു വിവരങ്ങള്‍ തിരക്കി. ക്രൂരമായ പീഡനത്തിന്റെ ആഘാതത്തില്‍നിന്നു മോചിതയാകാത്ത യുവതി ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ തയാറായില്ല. പിന്നീട് വനിതാ ഉദ്യോഗസ്ഥരെത്തി ധൈര്യം പകര്‍ന്നതോടെ യുവതി വിശദമായ മൊഴി നല്‍കി.
പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് 2 പേര്‍
യുവതിയുടെ ഫോണില്‍നിന്നു അജ്‌നാസിന്റെ നമ്പര്‍ ലഭിച്ച പൊലീസ് അജ്‌നാസിനെ വിളിച്ചു. യുവതിക്കു പരാതിയില്ലെന്നും എന്നാല്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസ് സാന്നിധ്യത്തില്‍ നശിപ്പിച്ചാല്‍ കേസില്ലാതെ പ്രശ്‌നം പരിഹരിക്കാമെന്നുമാണ് യുവതിയുടെ നിലപാട് എന്നുമായിരുന്നു പൊലീസ് അജ്‌നാസിനോട് പറഞ്ഞത്. ഇതു വിശ്വാസിച്ചാണ് അജ്‌നാസും ഫഹദും വ്യാഴാഴ്ച രാത്രിയോടെ ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ വച്ചുതന്നെ പൊലീസ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പിറ്റേദിവസം രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
സുഹൃത്തുക്കള്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ കൂട്ടുപ്രതികളായ ഷുഹൈബും ലിജാസും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. ഇവരെ അന്വേഷിച്ച് നാട്ടിലെത്തിയ പൊലീസിന് പക്ഷേ ചെറിയൊരു തുമ്പ് കിട്ടി; ഒളിവില്‍ പോകും മുന്‍പ് പണം ആവശ്യപ്പെട്ട് ഇവര്‍ ഒരു സുഹൃത്തിനെ സമീപിച്ചിരുന്നു. പൊലീസ് ആ സുഹൃത്തിനെ കണ്ടെത്തി. ഒരു പ്രശ്‌നമുണ്ടെന്നും തല്‍ക്കാലം നാട്ടില്‍നിന്നു മാറി നില്‍ക്കാനായി കുറച്ച് പണം വേണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പോള്‍ പണം നല്‍കാനായില്ലെന്നും എവിടെനിന്നെങ്കിലും സംഘടിപ്പിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും സുഹൃത്ത് പൊലീസിനോടു പറഞ്ഞു. ഇതിനായി ഇവര്‍ വീണ്ടും വിളിച്ചിരുന്നെങ്കിലും അത് മറ്റൊരു നമ്പറില്‍നിന്നായിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ചായി പിന്നീട് പൊലീസിന്റെ അന്വേഷണം.
വല പൊട്ടിച്ചെത്തിയത് കാടിനുള്ളില്‍
പ്രതികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കക്കയം വനമേഖലയില്‍ ഉള്ളതായി സൈബര്‍ സെല്‍ വിവരം കൈമാറി. അസി.കമ്മിഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കക്കയം വനമേഖലയിലേക്ക് തിരിച്ചു. തലയാട് ഭാഗത്തു നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാര്‍ക്ക് പരിചയമില്ലാത്ത രണ്ടു പേര്‍ ബൈക്കില്‍ രാത്രി സമയം വനാതിര്‍ത്തിയിലേക്കു പോയതായി വിവരം ലഭിച്ചത്. വന്യമൃഗശല്യം കാരണം ഉടമസ്ഥര്‍ ഉപേക്ഷിച്ചുപോയ ഒരു വീട് വനാതിര്‍ത്തിയില്‍ ഉണ്ടെന്നും നാട്ടുകാരില്‍നിന്നു പൊലീസ് മനസ്സിലാക്കി.
വാഹനം പോകാത്ത വഴി. അര്‍ധരാത്രി മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കുന്നും മലയും കയറി പൊലീസ് സംഘം ആ വീടു കണ്ടുപിടിച്ചു. അകത്ത് മൊബൈല്‍ ടോര്‍ച്ചിന്റെ നേരിയ വെളിച്ചം. അതോടെ അകത്ത് ആളുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. വാതിലില്‍ മുട്ടിയെങ്കിലും അകത്തുനിന്നു പ്രതികരണമുണ്ടായില്ല. വീടു വളഞ്ഞ ശേഷം പിന്‍വാതില്‍ ചവിട്ടിത്തുറന്ന് പൊലീസ് അകത്തു പ്രവേശിച്ചെങ്കിലും പൊലീസിനെ ആക്രമിച്ച പ്രതികള്‍ പുറത്തേക്കോടി. കാട്ടിനുള്ളിലെ ഓട്ടമത്സരത്തിനൊടുവിലാണ് പൊലീസ് രണ്ടു പ്രതികളെയും പിടികൂടിയത്.
ബുധനാഴ്ച രാത്രി നടന്ന കൂട്ടപീഡനത്തിലെ മുഴുവന്‍ പ്രതികളും അങ്ങനെ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പൊലീസിന്റെ പിടിയിലായി. അസി.കമ്മിഷര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ ചേവായൂര്‍ ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന്‍, എസ്‌ഐമാരായ ഷാന്‍,അഭിജിത്ത്, ഡന്‍സാഫ് അംഗങ്ങളായ കെ.എ. ജോമോന്‍, എം. സജി,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാഫി പറമ്പത്ത്, എ. പ്രശാന്ത്കുമാര്‍, സുമേഷ് ആറോളി എന്നിവരും ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവതി ശനിയാഴ്ച ആശുപത്രി വിട്ടു.